16 April 2024 Tuesday

പാലക്കാട്‌ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയും ജീവനക്കാരെയും കയ്യേറ്റം ചെയ്തു; യുവാവ് അറസ്റ്റില്‍

ckmnews


പാലക്കാട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയും ജീവനക്കാരെയും കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് പന്നിയങ്കര സ്വദേശി അജീഷിനെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. രോഗിക്കൊപ്പം കൂട്ടിനെത്തിയതാണ് പിടിയിലായ അജീഷ്. ഇവിടെ എത്തിയ ഇയാൾ ഡോക്ടറോട് തട്ടിക്കയറി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.


നെഞ്ചുവേദനയെ തുടർന്ന് രോഗിയുമായെത്തിയ ഇയാൾ ചികിത്സയുടെ പേരിലാണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്. മതിയായ ചികില്‍സ നല്‍കിയെങ്കില്‍ ഭവിഷത്ത് അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഡോക്ടര്‍ക്ക് നേരെയുള്ള ആദ്യ ഭീഷണി. എന്നാൽ കൂടെയുണ്ടായിരുന്ന രോഗിയും മറ്റ് ആളുകളും വിലക്കിയിട്ടും പിന്മാറാന്‍ കൂട്ടാക്കിയില്ല. സുരക്ഷാ ജീവനക്കാരനെയും നഴ്സിനെയും അസഭ്യം പറഞ്ഞ് നീങ്ങിയ അജീഷ് പിന്നീട് ഡോക്ടര്‍ക്ക് നേരെ തിരിയുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പരാതി നല്‍ക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വടക്കഞ്ചേരി പൊലീസിന് നേരെയും യുവാവ് ആക്രോശിച്ചു. പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അജീഷിനെതിരെ നേരത്തെയും കേസുള്ളതായി പൊലീസ് അറിയിച്ചു. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ അജീഷിനെ റിമാന്‍ഡ് ചെയ്തു.