29 March 2024 Friday

അരിക്കൊമ്പന്‍ കോതയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത്; വെള്ളവും ഭക്ഷണവും ലഭ്യമാണെന്ന് തമിഴ്നാട് വനം വകുപ്പ്

ckmnews


അപ്പർ കോതൈയാർ മുത്തു കുളി ഉൾവനത്തിലേക്ക് കഴിഞ്ഞ ദിവസം തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ട അരിക്കൊമ്പന്റെ ദൃശ്യങ്ങൾ ലഭിച്ചു. ആന കോതയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് വെള്ളം കുടിക്കുന്നു. ആനയെ തമിഴ്നാട് നിയോഗിച്ച പ്രത്യേകസംഘം നിരീക്ഷിക്കുന്നുണ്ട്. തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അരിക്കൊമ്പൻ നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെള്ളം കുടിക്കാൻ കോഡയാർ ഡാമിന് സമീപത്തെ ജലാശയത്തിന് അടുത്താണ് അരിക്കൊമ്പൻ നിൽക്കുന്നത്. പുതിയ സ്ഥലത്ത് ആനയ്ക്കാവശ്യമായ വെള്ളവും ഭക്ഷണവും ലഭ്യമാണെന്നും തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് ആര്‍.റെഡ്ഡി അറിയിച്ചു.

വെള്ളം കുടിക്കാനും തീറ്റയെടുക്കാനും കഴിയുന്ന മേഖലയിലാണ് അരിക്കൊമ്പൻ ഉള്ളതെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ആനവേട്ട തടയുന്നതിനുള്ള പത്തംഗ സംഘവും, നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരും, രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാരും ആനയുടെ ആരോഗ്യവും ചലനവും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെയാണ് മയക്കുവെടിയുതിര്‍ത്ത് കമ്പത്തുനിന്ന് അരിക്കൊമ്പനെ പിടികൂടിയത്. തുമ്പിക്കൈ, കാലുകള്‍ എന്നിവിടങ്ങളിലെ മുറിവിന് പ്രത്യേക ചികില്‍സ നല്‍കിയാണ് തിരുനെല്‍വെലിയിലെത്തിച്ചത്