റഷ്യയുടെ നിയന്ത്രണത്തിലുള്ള നോവ കഖോവ്ക ഡാം തകർന്ന് നിരവധി മരണം; 24 ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി

റഷ്യയുടെ നിയന്ത്രണത്തിലുള്ള നോവ കഖോവ്ക ഡാം തകര്‍ന്നതിന് പിന്നാലെ ദക്ഷിണ യുക്രെയ്നില്‍ വന്‍ വെള്ളപ്പൊക്കം. ഖേഴ്‌സണ്‍ നഗരത്തിന് ചുറ്റുമുള്ള 24 ഓളം ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. ഇതിനോടകം 17000 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുള്ള മേഖലകളില്‍ 16,000 പേര്‍ താമസിക്കുന്നുണ്ടെന്നും ഈ ‘ക്രിട്ടിക്കല്‍ സോണില്‍’ ഉള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ഡാമിന് സമീപത്തുള്ള അന്റോണിവ്ക പട്ടണം പൂര്‍ണമായും വെള്ളത്തനിടയിലായി. ഇവിടെയുണ്ടായിരുന്നവരെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രദേശത്തെ ഏറ്റവും വലിയ ജനവാസ മേഖലയായ ഖേഴ്‌സണ്‍ നഗത്തില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. റഷ്യയുടെ അധീനതയിലുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി റഷ്യന്‍ സേന അറിയിച്ചു. 900 പേരെ ഒഴിപ്പിക്കുന്നതിനായി 53 ബസുകള്‍ അടിയന്തരമായി എത്തിച്ചിട്ടുണ്ടെന്നും റഷ്യന്‍ സേന വ്യക്തമാക്കി.
അതേസമയം, ആരാണ് ഡാം തകര്‍ത്തത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. യുക്രെയ്ന്‍ ആണ് ഡാം തകര്‍ത്തത് എന്നാണ് റഷ്യ ആരോപിക്കുന്നത്. 2014 മുതല്‍ റഷ്യയുടെ നിയന്ത്രണത്തിലാണ് ഈ ഡാം. എന്നാല്‍ റഷ്യന്‍ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് യുക്രെയ്ൻ ആരോപിച്ചു
സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍മ്മിച്ച കൂറ്റന്‍ ഡാം ആണിത്. തുടര്‍ച്ചയായ സ്ഫോടനങ്ങളിലൂടെ അണക്കെട്ട് തകരുന്നതിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ക്രിമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്.
17,000 പേരെ ഒഴിപ്പിക്കുന്നുണ്ടെന്നും മൊത്തം 24 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നും യുക്രെയ്ൻ അധികൃതർ അറിയിച്ചു
42,000 ത്തോളം ആളുകൾ വെള്ളപ്പൊക്കത്തിൽ അപകടത്തിലാണെന്ന് അധികൃതർ കണക്കാക്കുന്നു, ഇത് ബുധനാഴ്ച ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു
നിപ്രോ (Dnipro) നദിയിലേക്ക് വെള്ളം ഒഴുകിയെത്തിയതിനാൽ അടുത്തുള്ള ഏറ്റവും വലിയ ജനവാസ കേന്ദ്രമായ ഖേഴ്സണിലെ ജനങ്ങൾ ഉയർന്ന പ്രദേശത്തേക്ക് പോയി. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 80 ഓളം കമ്മ്യൂണിറ്റികളിലെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ ബസുകളും ട്രെയിനുകളും സ്വകാര്യ വാഹനങ്ങളും തയാർ
റഷ്യയുടെ നിയന്ത്രണത്തിലുള്ള നദീതീരത്തുള്ള കസ്‌കോവ ഡിബ്രോവ മൃഗശാല പൂർണമായും വെള്ളത്തിനടിയിലായി, 300 മൃഗങ്ങളും ചത്തു
റഷ്യ അണക്കെട്ട് തകർത്തുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി ആരോപിച്ചു, 80 മേഖലകളിൽ വരെ വെള്ളപ്പൊക്കമുണ്ടാകുമെന്ന് അധികാരികൾ പ്രതീക്ഷിക്കുന്നു
പാശ്ചാത്യ ശക്തികളും നാശനഷ്ടങ്ങൾക്ക് റഷ്യയെ കുറ്റപ്പെടുത്തി, യൂറോപ്യൻ യൂണിയൻ മേധാവി ചാൾസ് മൈക്കൽ ഇതിനെ ‘യുദ്ധക്കുറ്റം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്
യുക്രെയിനിലെ കഖോവ്ക അണക്കെട്ടിന്റെ ഭാഗിക നാശം അയല്‍രാജ്യത്തിന് മേൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ ‘മറ്റൊരു വിനാശകരമായ അനന്തരഫലമാണ്’ എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച പറഞ്ഞു.
എന്നാൽ, യുക്രെയ്ൻ സേനയിൽ നിന്നുള്ള ‘ഒന്നിലധികം ആക്രമണങ്ങൾ’ കാരണമാണ് അണക്കെട്ട് ഭാഗികമായി തകർന്നതെന്ന് റഷ്യ ആരോപിച്ചു. കൈവിന്റെ “ക്രിമിനൽ പ്രവൃത്തികളെ” അപലപിക്കാൻ ലോകരാഷ്ട്രങ്ങൾ തയാറാകണമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു
1950കളിൽ നിർമിച്ച സോവിയറ്റ് കാലഘട്ടത്തിലെ അണക്കെട്ട്, 150 കിലോമീറ്റർ (90 മൈൽ) അകലെയുള്ള റഷ്യൻ അധിനിവേശ സപ്പോരിജിയ ആണവ നിലയത്തിലെ റിയാക്ടറുകളെ തണുപ്പിക്കാൻ ജലം പ്രദാനം ചെയ്യുന്ന നിപ്രോ നദിയിലാണ് സ്ഥിതി ചെയ്യുന്നത്.