19 April 2024 Friday

അയ്യപ്പന് ഇനി ഡിജിറ്റൽ സമർപ്പണം; മല ചവിട്ടാതെയും കാണിക്ക അര്‍പ്പിക്കാം; ശബരിമലയിൽ ഇ – കാണിക്കയുമായി ദേവസം ബോർഡ്

ckmnews


മല ചവിട്ടാതെയും അയ്യപ്പ സ്വാമിക്ക് കാണിക്ക അർപ്പിക്കാൻ സംവിധാനവുമായി തിരുവിതാംകൂർ ദേവസം ബോർഡ്. ഡിജിറ്റൽ പ്രക്രിയയിലൂടെ ശബരിമല ഭണ്ഡാരത്തിലേക്ക് കാണിക്ക സമർപ്പിക്കാൻ ഇതിലൂടെ കഴിയും. ഭക്തര്‍ക്ക് ഇനി മുതല്‍ ലോകത്ത് എവിടെയിരുന്നും അയ്യപ്പ സ്വാമിക്ക് കാണിക്ക സമര്‍പ്പിക്കാം. www.sabarimalaonline.org എന്ന വൈബ്സൈറ്റില്‍ പ്രവേശിച്ച് ഭക്തര്‍ക്ക് കാണിയ്ക്ക അര്‍പ്പിക്കാവുന്നതാണ്.

ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാ‍ളില്‍ നടന്ന ചടങ്ങില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ ഇ-കാണിയ്ക്ക സംവിധാനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടാറ്റാ കണ്‍സണ്‍ട്ടന്‍സി സര്‍വ്വീസസിന്‍റെ സീനിയര്‍ ജനറല്‍ മാനേജറില്‍ നിന്നും കാണിയ്ക്ക സ്വീകരിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍, ജി.സുന്ദരേശന്‍. ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, ദേവസ്വം ചീഫ് എഞ്ചിനീയര്‍ ആര്‍.അജിത്ത് കുമാര്‍, അക്കൗണ്ട്സ് ഓഫീസര്‍ സുനില, വെര്‍ച്വല്‍ ക്യൂ സെപ്ഷ്യല്‍ ഓഫീസര്‍ ഒ.ജി.ബിജു, അസിസ്റ്റന്‍റ് സെക്രട്ടറി രശ്മി, ഐ.ടി.പ്രോജക്ട് എഞ്ചീനിയര്‍ ശരണ്‍.ജിഎന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വെർച്ചൽ ക്യൂ വെബ് സൈറ്റിൽ അയ്യപ്പഭക്തൻമാർക്കായി ശബരിമലയിലെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് ടിസിഎസ് അധികൃതരുമായി ചർച്ച നടത്തി.