23 April 2024 Tuesday

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ സ്യൂട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ckmnews

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് കേരളം ഫയല്‍ ചെയ്ത സ്യൂട്ട് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് സ്യൂട്ട് ഹര്‍ജി പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അയച്ച ചേംബര്‍ സമന്‍സിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്യൂട്ട് നാളെ കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

2020 ജനുവരി 13-നാണ് കേരളം പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. 2013-ലെ സുപ്രീം കോടതി ചട്ടപ്രകാരം, കേസിലെ എതിര്‍കക്ഷി ആയ കേന്ദ്ര നിയമ മന്ത്രാലയത്തിന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് മുഖേന സുപ്രീം കോടതി രജിസ്ട്രി ജനുവരി 29-ന് സമന്‍സ് കൈമാറിയിരുന്നു. ആറു മാസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഭിഭാഷകര്‍ വക്കാലത്ത് ഇട്ടില്ല. തുടര്‍ന്ന് ചേംബര്‍ സമന്‍സ് കൈമാറാന്‍ രജിസ്ട്രി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് കേന്ദ്ര നിയമമന്ത്രാലയത്തിന് ചേംബര്‍ സമന്‍സ് നിയമ മന്ത്രാലയത്തിന് കൈമാറി. സമന്‍സ് നിയമ ന്ത്രാലയം കൈപ്പറ്റി എന്ന് വ്യക്തമാക്കുന്ന രേഖ ഓഗസ്റ്റ് 25-ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രിയില്‍ സമര്‍പ്പിച്ചു. ചേംബര്‍ സമന്‍സ് ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ വക്കാലത്തും, സ്യൂട്ടിലെ മറുപടിയും ഫയല്‍ ചെയ്യേണ്ടതാണ്. എന്നാല്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചിട്ടില്ലെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.