28 September 2023 Thursday

അരിക്കൊമ്പനെ വനത്തിൽ തുറന്നു വിട്ടു; ആരോഗ്യാവസ്ഥ തൃപ്തികരമെന്ന് തമിഴ്നാട് വനം വകുപ്പ്

ckmnews


അരിക്കൊമ്പനെ വനത്തിൽ തുറന്നുവിട്ടു. ആനയുടെ ആരോഗ്യം തൃപ്തികരം എന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്താണ് ആനയെ തുറന്നു വിട്ടത്. ഒരു രാത്രി മുഴുവൻ ആനയെ ലോറിയിൽ നിർത്തി നിരീക്ഷിച്ച ശേഷമാണ് തുറന്നുവിട്ടത്.


അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് വനം മന്ത്രി മതിവേന്ദൻ നേരത്തെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നു വിടുമെന്ന് വനം വകുപ്പ് കോടതിയിൽ പറഞ്ഞു. തേനി സ്വദേശി ഗോപാൽ നൽകിയ ഹർജിയിലാണ് വനം വകുപ്പിന്റെ വിശദീകരണം. എറണാകുളം സ്വദേശി നൽകിയ ഹർജിയിലെ കോടതി നിർദേശം ലഭിച്ചില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച പ്രകാരം അരിക്കൊമ്പനെ തുറന്നു വിടുമെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു.


അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു.