28 September 2023 Thursday

പനി പിടിച്ച് കിടപ്പിലായിരുന്ന 74കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; അയൽവാസി പിടിയിൽ

ckmnews


കോഴിക്കോട്: പനി പിടിച്ച് കിടപ്പിലായിരുന്ന വയോധികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അയൽവാസി പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിൽ 74കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വടകര സ്വദേശി രാജനെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രാജനെ അയൽവാസികളാണ് പിടികൂടി പൊലീസിൽ എൽപ്പിച്ചത്.

വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപത്തെ കോളനിയിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. പനി ബാധിച്ചതിനെത്തുടർന്ന് വയോധികയെ കഴിഞ്ഞ ദിവസം രാജനും ഭാര്യയും ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് അൽവാസിയായ മറ്റൊരു സ്ത്രീ ഭക്ഷണവുമായി എത്തിയപ്പോൾ വയോധിക അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. മുറിയിൽ രാജനും ഉണ്ടായിരുന്നു. തുടർന്ന് ഇവർ അയൽവാസികളെ വിളിച്ചുകൂട്ടി രാജനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.


രാജൻ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ അറിയിക്കുന്നത്. ഇയാൾക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


ടൗൺ അസി. കമീഷണർ പി. ബിജുരാജും വിരലടയാള വിദഗ്ധൻ യു കെ അമീറുൽ ഹസനും സ്ഥലത്തെത്തി പരിശോധന നടത്തി.