28 September 2023 Thursday

പെരുമ്പിലാവിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

ckmnews


പെരുമ്പിലാവ്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിൽ പെരുമ്പിലാവിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് ആൽത്തറ വെട്ടനാട്ടിൽ വീട്ടിൽ 35 വയസ്സുള്ള കണ്ണൻ ബാബു എന്ന റഫീക്കിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ  യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് അൻസാർ സ്കൂളിനു മുൻപിൽ കോഴിക്കട നടത്തുന്ന സാബിറിനാണ് കുത്തേറ്റത്. ഞായറാഴ്ച  ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. പെരുമ്പിലാവ് ആൽത്തറ ആലുംതൈ പരിസരത്ത് വെച്ചാണ് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനിടയിൽ അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് പല തവണ ശരീരത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാബിറിനെ നാട്ടുകാർ ചേർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.