18 April 2024 Thursday

എഫ്എ കപ്പ് ഫൈനലിൽ ഇന്ന് സിറ്റിയും യുണൈറ്റഡും

ckmnews


ലണ്ടൻ ∙ മാഞ്ചസ്റ്റർ നഗരം യുണൈറ്റഡിന്റെ കയ്യിൽ നിന്നു പോയിട്ട് കാലം കുറച്ചായി. ഇംഗ്ലിഷ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം പുലർത്തി മുന്നേറിയപ്പോൾ വെറും കാഴ്ചക്കാർ മാത്രമായിരുന്നു അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇത്തവണയും സിറ്റി പ്രിമിയർ ലീഗ് കിരീടം നേടിയെങ്കിലും യുണൈറ്റഡിന്റെ പ്രകടനം അത്ര മോശമായില്ല. പുതിയ കോച്ച് എറിക് ടെൻ ഹാഗിന്റെ പരിശീലനത്തിൽ മൂന്നാം സ്ഥാനത്തെത്തി അവർ. ഇപ്പോഴിതാ സിറ്റിയെ അക്ഷരാർഥത്തിൽ പിടിച്ചു കെട്ടാനുള്ള അവസരം യുണൈറ്റഡ‍ിനു മുന്നിൽ വന്നു നിൽക്കുന്നു. എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ന് സിറ്റിയെ വീഴ്ത്തിയാൽ യുണൈറ്റഡിന് മാഞ്ചസ്റ്റർ നഗരത്തിൽ തലയുയർത്തി നടക്കാം. പക്ഷേ പെപ് ഗ്വാർഡിയോളയുടെ കീഴിൽ പ്രിമിയർ ലീഗ്–എഫ്എ കപ്പ്– ചാംപ്യൻസ് ലീഗ് ട്രെബിൾ നേട്ടം ലക്ഷ്യമിടുന്ന ഈ സിറ്റി ടീമിനെ തോൽപിക്കുക എന്നത് യുണൈറ്റഡിന് കഠിനമായിരിക്കും എന്നുറപ്പ്. വെംബ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. സോണി ചാനലുകളിൽ തൽസമയം കാണാം.

ഇംഗ്ലിഷ് ഫുട്ബോളിൽ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് മാത്രം കൈവരിച്ചിട്ടുള്ള ‘ട്രെബിൾ നേട്ട’മാണ് സിറ്റി ലക്ഷ്യമിടുന്നത്. 1999ൽ വിഖ്യാത പരിശീലകൻ സർ അലക്സ് ഫെർഗൂസന്റെ പരിശീലനത്തിലാണ് യുണൈറ്റ‍ഡ് പ്രിമിയർ ലീഗും എഫ്എ കപ്പും ചാംപ്യൻസ് ലീഗും നേടിയത്. വെംബ്ലിയിൽ യുണൈറ്റഡിനെ വീഴ്ത്തി എഫ്എ കപ്പും ഇസ്തംബുളിൽ ഇന്റർ മിലാനെ വീഴ്ത്തി ചാംപ്യൻസ് ലീഗും നേടിയാൽ പെപ് ഗ്വാർഡിയോളയുടെ ടീം ഫെർഗൂസന്റെ ടീമുമായി തുലനം ചെയ്യപ്പെടും. തങ്ങളുടെ ചരിത്രത്തിനു നേർക്കുള്ള വെല്ലുവിളി തടയുക എന്നതു കൂടിയാണ് യുണൈറ്റഡ് ടീമിനു മുന്നിലുള്ള ലക്ഷ്യം. ജയിച്ചാൽ യുണൈറ്റഡിനെയും ഒരു അപൂർവ നേട്ടം കാത്തിരിക്കുന്നു. ലീഗ് കപ്പും എഫ്എ കപ്പും ഒരേ സീസണിൽ നേടുക എന്ന ‘ഡൊമസ്റ്റിക് ഡബിൾ’. ഫെബ്രുവരിയിൽ ന്യൂകാസിലിനെ തോൽപിച്ചാണ് യുണൈറ്റഡ് ലീഗ് കപ്പ് നേടിയത്.പ്രിമിയർ ലീഗിൽ ഗോൾ സ്കോറിങ് റെക്കോർഡുകളെല്ലാം തകർത്ത നോർവേ താരം എർലിങ് ഹാളണ്ടിലാണ് സിറ്റിയുടെ വലിയ പ്രതീക്ഷ. കെവിൻ ഡിബ്രൂയ്നെയും ജാക്ക് ഗ്രീലിഷും ചെറിയ പരുക്കു മൂലം ലീഗിലെ അവസാന മത്സരങ്ങൾ കളിച്ചില്ലെങ്കിലും ഇന്നു ഫൈനലിനിറങ്ങും. യുണൈറ്റഡ് നിരയിൽ പരുക്കേറ്റ സ്ട്രൈക്കർ ആന്തണി മർത്യാൽ കളിക്കില്ല. കാർലോസ് കസീമിറോ, ബ്രൂണോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ എറിക്സൻ എന്നിവരടങ്ങുന്ന മിഡ്ഫീൽഡാണ് യുണൈറ്റഡിന്റെ കരുത്ത്.

ലോകത്തെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ചാംപ്യൻഷിപ്പായ എഫ്എ കപ്പിന്റെ 142–ാം എഡിഷനാണിത്. ആർസനലാണ് (14) കൂടുതൽ തവണ ജേതാക്കളായത്. മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് 12 തവണയും മാഞ്ചസ്റ്റർ സിറ്റി 6 വട്ടവും കിരീടം നേടി.