25 April 2024 Thursday

ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ ബന്ധുക്കൾക്ക് ഒഡിഷയിലെത്താൻ പ്രത്യേക ട്രെയിൻ

ckmnews


ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് ഒഡിഷയിലേക്കെത്താൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകാനാണ് റെയിൽവേ അധികൃതർ പ്രത്യേക ട്രെയിൻ അനുവദിച്ചത്. ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. ഹെൽപ് ലൈൻ നമ്പറുകൾ; 044 25330952, 044 25330953, 044 25354771. 


ഇന്നലെ 7 മണിയോടെ നടന്ന ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 280 ആയി. 1000ലേറെ പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിൻ അപകട മേഖല സന്ദർശിച്ചു. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന്റെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.


ഇന്ത്യ കണ്ട വലിയ ദുരന്തത്തിൽ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. റയിൽവെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സർക്കാരുകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്രമായി മറ്റൊരു അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.