സിനിമ കാണാതെ റിവ്യു പറഞ്ഞു; സന്തോഷ് വർക്കിക്ക് മർദ്ദനം

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതനാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. ആറാട്ടണ്ണൻ എന്ന വിളിപ്പേരും വന്നു. പിന്നാലെ സന്തോഷിന്റേതായി പുറത്തുവന്ന വീഡിയോകൾ എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. സിനിമ റിവ്യുകളും ഇക്കൂട്ടത്തിൽപ്പെടും. ഇപ്പോഴിതാ സന്തോഷ് വർക്കിക്ക് എതിരെ കയ്യേറ്റം നടന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ആയിരുന്നു സംഘര്‍ഷം. സിനിമ മുഴുവന്‍ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാണ് ആരോപണം. കൊച്ചി വനിതവിനീത തിയറ്ററിലാണ് സംഭവം നടന്നത്. സിനിമ പത്ത് മിനിറ്റ് പോലും കാണാതെ തിയറ്ററില്‍ നിന്ന് ഇറങ്ങി. സന്തോഷ് റിവ്യൂ പറയുക ആയിരുന്നുവെന്നാണ് ആരോപണം. സന്തോഷ് വർക്കിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുക ആണ്.
കാശ് വാങ്ങിയാണ് സന്തോഷ് നെഗറ്റീവ് റിവ്യു പറഞ്ഞതെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. "എനിക്ക് പടം ഇഷ്ടപ്പെടാതെ പോയതാണ്. ഇഷ്ടപ്പെടാത്തത് കൊണ്ട് ഇറങ്ങി പോയി. എന്നെ കൊണ്ട് നിർബന്ധിച്ച് റിവ്യു പറയിപ്പിച്ചതാണ്. ഞാൻ ആരേന്നും പൈസ വാങ്ങിയില്ല. അങ്ങനെ വാങ്ങിയിരുന്നേൽ ഞാൻ കോടീശ്വരൻ ആയേനെ", എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.