കട്ടത്താടിയും കൂളിങ് ഗ്ലാസും പോണിടെയില്‍ ഹെയര്‍ സ്റ്റൈലും; മമ്മൂട്ടിയുടെ 'ബസൂക്ക' ലുക്ക് വൈറല്‍

ലുക്കിന്‍റെ കാര്യത്തില്‍ മലയാളത്തിലെ ഏത് യുവനടനോടും ഇടിച്ച് നില്‍ക്കുന്നയാളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെന്ന് എല്ലാവര്‍ക്കും അറിയാം. ഓണ്‍സ്ക്രീനിലും ഓഫ് സ്ക്രീനിലുമുള്ള അദ്ദേഹത്തിന്‍റെ ഡ്രസിങ് സ്റ്റൈല്‍ എപ്പോഴും വൈറലാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ബസൂക്കയുടെ ഫസ്റ്റ് ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ആയിട്ടുള്ളത്. കട്ടത്താടിയും കൂളിങ് ഗ്ലാസും നീട്ടിവളര്‍ത്തിയ മുടിയിലെ പോണി ടെയില്‍ ഹെയര്‍ സ്റ്റൈലുമായി മാരക ലുക്കിലാണ് മമ്മൂക്ക പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. ഒരു വിന്‍റേജ് മോഡല്‍ ബൈക്കും അടുത്തായി കാണാം.
ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ഡ്രാമയാണ്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവര്‍ ചേർന്നാണ് നിർമ്മാണം.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് മെയ് 10ന് കൊച്ചിയിൽ ആരംഭിച്ചിരുന്നു. മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. ചിത്രത്തിൽ സംവിധായകന്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.
പോസ്റ്ററിനെ കുറിച്ച് സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകൾ “ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ് പോസ്റ്റർ. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഹൃദയം. ഞങ്ങൾ ഇത് രണ്ടാം വട്ടമാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. ഈ പോസ്റ്ററിൽ അദ്ദേഹത്തിന്റെ ലുക്ക് തന്നെയായിരിക്കും ചർച്ചാവിഷയം.”
സംവിധായകൻ ഡീനോ ഡെന്നീസിന്റെ വാക്കുകൾ ഇങ്ങനെ “ഞാൻ മുൻപ് പറഞ്ഞതുപോലെ മമ്മൂട്ടി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഈ പോസ്റ്റർ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതാണ്. ഞാൻ എപ്പോഴും പറയാൻ ആഗ്രഹിച്ച ഒരു കഥയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണുമ്പോൾ വളരെ ത്രിലിങ്ങ് അനുഭവമാണ് തോന്നുന്നത്. ടീസർ എത്രയും വേഗം നിങ്ങളുമായി ഷെയർ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്”
സഹ നിർമാതാവ് ജിനു വി എബ്രഹാമിന്റെ വാക്കുകൾ ഇങ്ങനെ “ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഓരോ ചുവടുവയ്പ്പും മനോഹരമായിരുന്നു. ഈ പോസ്റ്റർ റിലീസും അതോടൊപ്പം ചേർത്ത് വായിക്കപ്പെടുന്നു. കാരണം ഞങ്ങൾ മമ്മൂട്ടി സാറിന്റെ പോസ്റ്റർ ലോകമെമ്പാടും റിലീസ് ചെയ്യകയാണ്. ഇതുവരെയുള്ള പ്രതികരണങ്ങൾ ഗംഭീരമാണ്. എത്രമാത്രമാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്ന് മനസ്സിലാകുന്നു.
ടോവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’, ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കാസർഗോൾഡ്’ തുടങ്ങിയ ചിത്രങ്ങളുള്ള 2023-ലെ യൂഡ്‌ലീയുടെ മലയാളം സിനിമയിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ‘ബസൂക്ക’. പി ആർ ഒ – ശബരി , ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ