20 April 2024 Saturday

ഓട്ടോറിക്ഷയും സ്കൂട്ടറും മോഷ്ടിച്ച് ആക്രിയാക്കി വിറ്റ കേസിൽ രണ്ടുപേർ അറസ്റ്റിൽ

ckmnews


ഇടുക്കി: ഓട്ടോറിക്ഷകളും ഇരുചക്ര വാഹനവും മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കുമളി സ്വദേശികളായ യുവാക്കളാണ് കട്ടപ്പന ഡിവൈ. എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ പിടിയിലായത്. കുമളി രണ്ടാംമൈൽ സ്വദേശി മണികണ്ഠൻ, കുമളിയിലെ ആക്രി വ്യാപാരി തങ്കരാജ് എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്.


2021 ൽ കുമളിയിൽ നിന്ന് ഇരുചക്ര വാഹനവും, കട്ടപ്പന കൈരളിപ്പടി, വള്ളക്കടവ് എന്നീ സ്ഥലങ്ങളിൽ നിന്നായി ഓട്ടോറിക്ഷകളും ഒന്നാം പ്രതി മണികണ്ഠൻ മോഷ്ടിച്ചു കടത്തി. ഒന്നര ലക്ഷം രൂപയോളം വിലവരുന്ന വാഹനങ്ങൾ 6000 രൂപ വീതം വാങ്ങി തങ്കരാജിന് വിൽക്കുകയായിരുന്നു. മോഷണം പോയ ഓട്ടോറിക്ഷകളിൽ ഒന്നിന്റെ പിൻസീറ്റ് മറ്റൊരു ഓട്ടോയിൽ പിടിപ്പിച്ചിരിക്കുന്നതായി കട്ടപ്പന ഡിവൈ.എസ് പി ക്ക് വിവരം ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മുഖ്യപ്രതി മണികണ്ഠൻ ഓട്ടോ റിക്ഷകൾ മറ്റ് ആക്രി കടകളിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടർന്നാണ് തങ്കരാജിനെ സമീപിച്ചത്. വിറ്റത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി മോഷണം നടത്തിയ സ്ഥലങ്ങളിലും ആക്രിക്കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ഡി വൈ എസ് പി വി എ നിഷാദ് മോൻ പറഞ്ഞു. കട്ടപ്പന സി.ഐ. വിശാൽജോൺസനാണ് അന്വേഷണ ചുമതല.