19 April 2024 Friday

മുപ്പതുവർഷം ക്ഷേത്രനടയിൽ ഭിക്ഷയെടുത്ത് സമ്പാദിച്ച 2.15 ലക്ഷം രൂപ അടങ്ങിയ പണച്ചാക്ക് മോഷണം പോയി; സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

ckmnews


കൊല്ലം: മുപ്പതു വർഷം ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷയെടുത്തു ജീവിക്കുന്ന വയോധികന്റെ പണച്ചാക്ക് മോഷ്ടിച്ച കേസിൽ ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷാടനം നടത്തുന്ന ചിറയൻകീഴ് സ്വദേശി സുകുമാരന്റെ (75) സമ്പാദ്യം മോഷ്ടിച്ച കേസിലാണ് ജൂവലറി ജീവനക്കാരൻ തെക്കുംഭാഗം താഴേത്തൊടിയിൽ മണിലാലിനെ(55) എസ്എച്ച്ഒ ബിജു അറസ്റ്റ് ചെയ്തത്. പണച്ചാക്കിൽ ഉപയോഗ യോഗ്യമായ നോട്ടുകൾ എണ്ണിയപ്പോൾ 2.15 ലക്ഷം രൂപയുണ്ടായിരുന്നു. കുറേ നോട്ടുകൾ ദ്രവിച്ച് പോയതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല.

മൂന്നു പതിറ്റാണ്ടായി ക്ഷേത്രനടയിൽ ഭിക്ഷയെടുക്കുന്ന സുകുമാരൻ തനിക്ക് കിട്ടുന്ന പണം മുഴുവൻ ചില്ലറ മാറ്റി നോട്ടാക്കി പ്ലാസ്റ്റിക് കവറിലിട്ട് ചാക്കുകൊണ്ട് മൂടി അത് തലയിണയ്ക്ക് അടിയിൽ വച്ചാണ് കിടന്നുറങ്ങിയിരുന്നത്. സുകുമാരന്റെ കൈവശമുള്ള ചില്ലറകൾ ലോട്ടറിക്കച്ചവടക്കാർ വന്ന് വാങ്ങും. 500, 100 രൂപകൾക്കുള്ള ചില്ലറകളാണ് സുകുമാരൻ കൊടുത്തിരുന്നത്. ഇങ്ങനെ കിട്ടുന്ന 500, 100 രൂപ നോട്ടുകൾ സ്വരൂപിച്ച് കവറിലാക്കി ചാക്കു കൊണ്ട് കെട്ടി അതിൽ തല വച്ച് സമീപത്തെ കടത്തിണ്ണയിലായിരുന്നു സുകുമാരന്റെ ഉറക്കം.ഏപ്രിൽ 26 ന് പുലർച്ചെയാണ് പണച്ചാക്ക് നഷ്ടമായത്. നാലു മണിക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ പോയ സമയത്ത് ചാക്ക് മോഷ്ടിക്കുകയായിരുന്നു. 7,50,000 രൂപയോളം ഉണ്ടെന്ന് പറഞ്ഞ് വിലപിച്ച സുകുമാരൻ പണം പോയതിന്റെ വിഷമത്തിൽ മാനസികമായും ശാരീരികമായും തകർന്നു. കിടക്കുന്ന സ്ഥലത്ത് തന്നെ മലമൂത്ര വിസർജനം നടത്തി. നാട്ടുകാർ പൊലീസിൽ പരാതി കൊടുത്തു. ജനമൈത്രി പൊലീസ് ഇയാളെ മാവേലിക്കരയിലുള്ള വൃദ്ധ സദനത്തിലേക്ക് മാറ്റി.


നാട്ടുകാരുടെ പരാതിയിൽ കരുനാഗപ്പള്ളി എസ്എച്ച്ഒ ബിജുവിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ഷമീർ, ഷാജിമോൻ, എസ് സിപിഒ രാജീവ്, സിപിഒ ഹാഷിം എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്. ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷൂ ധരിച്ച് മുഖം പൂർണമായി കാണാൻ പറ്റാത്ത ഒരാൾ വയോധികന്റെ അടുത്തേക്ക് പോകുന്നത് കണ്ടു. ദൃശ്യങ്ങളിൽ നിന്ന് ഇതൊരു സെക്യൂരിറ്റി ജീവനക്കാരനാനെന്ന് മനസിലായി. സംശയം തോന്നി ജൂവലറിയിലെ സെക്യൂരിറ്റി മണിലാലിനെയും തൊട്ടടുത്ത കടയിലെ സെക്യൂരിറ്റി പ്രഭാകരൻ പിള്ളയെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പല പ്രാവശ്യം ചോദ്യം ചെയ്തു. ഇവർ കുറ്റം നിഷേധിച്ചു.തുടർന്ന് പല ദിശകളിലായുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കൃത്യം നടന്ന ഏപ്രിൽ 26 ന് പുലർച്ചെ അഞ്ചിന് പ്രഭാകരപിള്ള എന്ന സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടി കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ പോകുന്നത് കണ്ടു. എന്നാൽ മണിലാൽ അന്നേ ദിവസം പുലർച്ചെ അഞ്ചിനും 5.30 നും ഇടയ്ക്ക് ഭിക്ഷാടകൻ കിടക്കുന്ന സ്ഥലത്ത് ചെല്ലുന്നതും ചാക്ക് കെട്ട് അറുത്തുമാറ്റി കൊണ്ടു പോകുന്നതും കണ്ടു. തുടർന്ന് മണിലാലിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തു. ആദ്യം നിഷേധിച്ച ഇയാൾ സിസിടിവി ദൃശ്യങ്ങൾ കാണിച്ച് ചോദിച്ചപ്പോൾ കുറ്റം ഏറ്റു പറഞ്ഞു. ചാക്ക് കെട്ടിലെ പണം അതുപോലെ എടുത്ത് വീട്ടുകാർ അറിയാതെ തെക്കുംഭാഗത്തുള്ള താഴെതൊടിയിൽ വീടിന് പുറത്തുള്ള ചായ്പ്പിൽ കൊണ്ടു വച്ചതായി മണിലാൽ മൊഴി നൽകി.


സുകുമാരനെ മാവേലിക്കരയിലെ വൃദ്ധ സദനത്തിൽ നിന്നും എത്തിച്ച് പണം തിരിച്ചറിഞ്ഞു. ഇയാൾക്ക് തീരെ സുഖമില്ലാത്തതിനാൽ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതി സെക്രട്ടറിയായ മുരളിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പ്രതി മണിലാലുമായി പ്രതിയുടെ വീടായ തെക്കുംഭാഗം താഴെത്തൊടിയിൽ എത്തി പണമടങ്ങിയ ചാക്ക്കെട്ട് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ച് എണ്ണിയപ്പോൾ 2,15,000 രൂപയുണ്ടെന്ന് വ്യക്തമായി. കുറച്ചു നോട്ടുകൾ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചുപോയിരുന്നു.