28 March 2024 Thursday

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്റ്റിൽ

ckmnews


കട്ടപ്പന: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയ വനിതയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാഞ്ചിയാർ സ്വദേശിനി സിന്ധുവാണ് അറസ്റ്റിലായത്. യൂറോപ്പ്, ഗൾഫ്, ഇസ്രയേൽ, റഷ്യ തുടങ്ങി രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി നിരവധി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു.


കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് കോഴിമല സ്വദേശിനിയായ യുവതിയിൽ നിന്ന് പ്രതി ഒന്നര ലക്ഷം രൂപ രണ്ട് തവണയായി വാങ്ങിയത്. ആദ്യം ഒരു ലക്ഷത്തി അയ്യായിരം രൂപയും പിന്നീട് നാൽപ്പത്തി അയ്യായിരം രൂപയും സിന്ധു കൈക്കലാക്കിയെന്നാണ് പരാതി. കഴിഞ്ഞ മാർച്ചിലാണ് തട്ടിപ്പ് നടന്നത്.പണമടച്ചാൽ ഒരു മാസത്തിനകം കുവൈറ്റിലേയ്ക്ക് പോകാമെന്നായിരുന്നു വാഗ്ദാനം. ഹോംനഴ്സ് ജോലിയും പറഞ്ഞുറപ്പിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും പുരോഗതി ഒന്നുമുണ്ടാകാതെ വന്നു. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ഷൈനി പൊലീസിൽ പരാതി നൽകിയത്.കോഴിക്കോട്, വയനാട് സ്വദേശികളുടെ പക്കൽ നിന്നും സമാന രീതിയിൽ പ്രതി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പണം നഷ്ടമായവർ ഡൽഹിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പരാതിക്കാരിയായ ഷൈനിയുടെ ബന്ധുവായ യുവാവിൽ നിന്നും ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതി പണം തട്ടിയതായും പരാതി ലഭിച്ചിട്ടുണ്ട്. സിന്ധുവിനെ സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.


കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, എറണാകുളം, കണ്ണൂർ, വയനാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ആളുകളെ കബളിപ്പിച്ച് പണം കൈപ്പറ്റിയതായി പരാതി ലഭിച്ചതിനെ പറ്റി വിശദമായി അന്വേഷിക്കുമെന്ന് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ അറിയിച്ചു.