19 April 2024 Friday

ബ്രിജ് ഭൂഷണെതിരായ പ്രതിഷേധം; തുടര്‍പരിപാടികള്‍ തീരുമാനിക്കാന്‍ മഹാപഞ്ചായത്തുമായി കര്‍ഷക സംഘടനകള്‍

ckmnews


ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ തുടര്‍ പരിപാടികള്‍ നിശ്ചയിക്കാന്‍ യോഗം ചേരാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശിലെ സോരം ഗ്രാമത്തില്‍ ആണ് മഹാപഞ്ചായത്ത് നടക്കുന്നത്. ഒളിമ്പിക് മെഡലുകളടക്കം ഗംഗയിലൊഴുക്കാന്‍ കഴിഞ്ഞദിവസം താരങ്ങള്‍ തയ്യാറായപ്പോള്‍ കര്‍ഷക സംഘടനകളാണ് ഇടപെട്ട് തടഞ്ഞത്. ഹരിദ്വാറിലെത്തിയ താരങ്ങളെ നരേഷ് ടിക്കായത്ത് അടക്കമുള്ള കര്‍ഷക നേതാക്കള്‍ അനുനയിപ്പിക്കുകയായിരുന്നു.


പ്രശ്‌നപരിഹാരത്തിനായി 5 ദിവസത്തെ സമയപരിധിയാണ് താരങ്ങളും കര്‍ഷക സംഘടനകളും നല്‍കിയത്. കര്‍ഷക നേതാവ് നരേഷ് ടിക്കായത്ത് ഹരിദ്വാറില്‍ എത്തിയാണ് ഗുസ്തി താരങ്ങളെ കണ്ടത്. കര്‍ഷക നേതാക്കള്‍ താരങ്ങളില്‍ നിന്നും മെഡലുകള്‍ ഏറ്റു വാങ്ങിയതോടെ ഹരിദ്വാറിലെ ധര്‍ണ സ്ഥലത്ത് നിന്നും താരങ്ങള്‍ പിന്‍വാങ്ങുകയായിരുന്നു.


ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. സാക്ഷി മാലികും വിനേഷ് ഫോഗട്ടും അടക്കമുള്ളവര്‍ ഹരിദ്വാറിലെത്തിയാണ് മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാന്‍ തീരുമാനിച്ചത്. ഈ ഘട്ടത്തിലാണ് കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിച്ചത്.