28 March 2024 Thursday

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്രം

ckmnews



നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തിയേറ്ററുകളിലും ടിവി പ്രോഗ്രാമുകളിലും ഉള്ളതുപോലെ OTT പ്ലാറ്റ്‌ഫോമുകളിലും പുകവലി രംഗങ്ങൾക്ക് താഴെ മുന്നറിയിപ്പുകൾ നൽകണമെന്നാണ് ഉത്തരവ്.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ തീരുമാനം. 2004ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാക്കുന്നതാണ് ഈ ഭേദഗതി. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് 30 സെക്കൻഡിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമായും കാണിച്ചിരിക്കണം.

കൂടാതെ പരിപാടിക്കിടെ പുകയില ഉൽപന്നങ്ങളോ അവയുടെ ഉപയോഗമോ കാണിക്കുമ്പോൾ സ്‌ക്രീനിന്റെ അടിയിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പുകയില ഉപഭോഗം മൂലം പ്രതിവർഷം ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. നേരത്തെ തിയേറ്ററുകൾക്കും ടിവി ചാനലുകൾക്കും ഇത് നിർബന്ധമായിരുന്നെങ്കിലും OTT പ്ലാറ്റ്‌ഫോമുകൾക്ക് നിർബന്ധമായിരുന്നില്ല.