23 April 2024 Tuesday

പിടികൊടുക്കാതെ അരിക്കൊമ്പന്‍; ജനവാസ മേഖലയിലെത്തിയാല്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കും

ckmnews


തമിഴ്‌നാട് വനം വകുപ്പിനെ വട്ടം കറക്കി അരിക്കൊമ്പന്‍ വനാതിര്‍ത്തിയില്‍ തന്നെ തുടരുന്നു. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പന്‍ കൂടുതല്‍ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്‌നലില്‍ നിന്ന് വ്യക്തമാകുന്നത്. ആനയെ വനം വകുപ്പിന്റെ ഒരു സംഘം നേരിട്ട് കണ്ടു.


ഷണ്മുഖ നദി ഡാമില്‍ വെള്ളം കുടിക്കാന്‍ എത്തിയ ആനയെ നാട്ടുകാരും കണ്ടതായി പറയുന്നുണ്ട്. മേഘമല കടുവാ സങ്കേതത്തിന്റെ ദിശയിലേക്കാണ് അരിക്കൊമ്പന്‍ സഞ്ചരിക്കുന്നത്. നിലവില്‍ ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല. വനംവകുപ്പിന്റെ നിരീക്ഷണം തുടരുകയാണ്.


ദൗത്യത്തിനായി വനം വകുപ്പ് പ്രത്യേക ആദിവാസി സംഘത്തെ കമ്പത്ത് എത്തിച്ചു. മുതുമല ആന സംരക്ഷണ കേന്ദ്രത്തിലെ അഞ്ചംഗ ആദിവാസി സംഘമാണ് എത്തിയത്. ആനയ ഉള്‍വനത്തിലേക്ക് തുരത്താന്‍ വേണ്ടി ഉള്ള ശ്രമം നടത്തും. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാല്‍ മയക്കു വെടി വയ്ക്കാനുള്ള സംഘവും സജ്ജമാണ്.