28 March 2024 Thursday

അരിക്കൊമ്പൻ ക്ഷീണിതൻ; മയക്കുവെടി വച്ച് പിടികൂടുന്നത് വൈകിയേക്കും

ckmnews


കമ്പം ടൗണിലെത്തി ഭീതി പരത്തിയ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം നാളേക്ക് മാറ്റി. നാളെ അതിരാവിലെ മയക്കുവെടി വെയ്ക്കാനാണ് സാധ്യത. നിലവിൽ കമ്പം ബൈപാസിന് സമീപമുള്ള തെങ്ങിൻതോപ്പിലാണ് ആനയുള്ളത്. മണിക്കൂറുകളോളം പുളിമര തോപ്പിൽ നിലയുറപ്പിച്ചിരുന്ന ആന പിന്നീട് ജനവാസ മേഖലയിലൂടെ ഓടുകയായിരുന്നു. മൂന്ന് കുങ്കി ആനകൾ ദൗത്യ സംഘത്തിൽ ഉണ്ടാകും.

അരികൊമ്പൻ പ്രശ്നക്കാരാണെന്ന് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കി. ആനയെ മയക്കുവെടിവച്ചു ഉൾകാട്ടിൽ വിടാൻ ആണ് തീരുമാനമെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്‌ഡി പറഞ്ഞു.

മയക്കുവെടി വെച്ച് ആനയെ പിടികൂടിയാൽ മേഘമല വനമേഖലയിലേയ്ക് മാറ്റാനാണ് സാധ്യത. കമ്പത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച 20 പേർക്കെതിരെ പൊലീസ് കേസെടുത്തു.ലോവർ ക്യാംപിൽ നിന്നും രാവിലെയാണ് അരിക്കൊമ്പൻ കമ്പത്തെ ജനവാസ മേഖലയിലും ടൗണിലും ഇറങ്ങിയത്. ജനവാസ മേഖലയിലൂടെ അരിക്കൊമ്പൻ പാഞ്ഞോടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കമ്പം ടൗണിൽ അരിക്കൊമ്പൻ ഒരു ഓട്ടോറിക്ഷയും കുത്തി മറിച്ചു. ഇതിൽ ഒരാൾക്ക് പരിക്കുണ്ട്. അരിക്കൊമ്പന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്നാട് വനംവകുപ്പ് നടത്തുന്നത്.ലോവര്‍ ക്യാമ്പില്‍നിന്ന് വനാതിര്‍ത്തി വഴിയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്.