മഴയിൽ ഒലിച്ചെത്തിയ മണ്ണ് മൂലം നികന്ന നെൽപ്പാടം പൂർവസ്ഥിതിയിലാക്കാൻ അനുമതി തേടി കർഷകൻ

പെരുമ്പിലാവ്:സംസ്ഥാനപാതയിലെ കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ നിന്നും ചീരംകുറ്റിഞാൽ
വടക്കുമുറി റോഡിന്
സമീപമുള്ള 30 സെന്റ് പാടം മണ്ണു നീക്കം ചെയ്തു പൂർവസ്ഥതിയിലാക്കാൻ അനുമതി തേടി ഉടമ.മേച്ചിനകത്ത് കുഞ്ഞുമോൻ ആണ് കടവല്ലൂർ കൃഷിഭവനു അപേക്ഷ നൽകി ഫലം കാണാതെ കാത്തിരിക്കുന്നത്.പാടത്തിന്റെ കരയിലൂടെ വർഷങ്ങൾക്കു മുൻപു റോഡു നിർമിക്കുമ്പോൾ ഉപയോഗിച്ചു ബാക്കി വന്ന മണ്ണു മെറ്റലും ഉപേക്ഷിച്ചതും റോഡരികിലുള്ള ഈ സ്ഥലത്താണ്. പ്രായമായ കുഞ്ഞുമോന് കൃഷി കാര്യങ്ങൾ നോക്കാൻ സാധിക്കാതെ വന്നതോടെ കുറച്ചു കാലം ഭൂമി തരിശ് ഇടേണ്ടി വന്നു.പിന്നീട് ഇദ്ദേഹത്തിന്റെ ബന്ധു മുട്ടിപ്പാലത്തിങ്കൽ കബീർ കൃഷി ഏറ്റെടുത്തു.ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റു പാടങ്ങളിൽ നെൽക്കൃഷി തുടരുന്നുണ്ടെങ്കിലും മണ്ണ് വന്നു നികന്നതിനാൽ 30 സെന്റിൽ കൃഷി സാധിച്ചിരുന്നില്ല.മഴ പെയ്തു ഒലിച്ചിറങ്ങിയ മണ്ണും റോഡു പണി കഴിഞ്ഞ് ഉപേക്ഷിച്ചവയും നീക്കം ചെയ്താലെ പാടം കൃഷിയോഗ്യമാകൂ.ഇതിനു വേണ്ടി 3 മാസം മുൻപു കൃഷിവകുപ്പിനു നൽകിയ അപേക്ഷയാണ് ഇതുവരെ പരിഗണിക്കാത്തത്.വേനൽ അവസാനിക്കും മുൻപു മണ്ണു നീക്കിയാലേ അടുത്ത സീസണിൽ കൃഷി ഇറക്കാൻ സാധിക്കൂ.നീക്കം ചെയ്താലും മണ്ണ് വീണ്ടും ഒലിച്ച് ഇറങ്ങും എന്നതിനാൽ മണ്ണൊലിപ്പിനു ശാശ്വത പരിഹാരം കണ്ടശേഷം അപേക്ഷ പരിഗണിക്കുമെന്നു കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.