19 April 2024 Friday

അര്‍ദ്ധരാത്രിയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു ചങ്ങരംകുളം പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു

ckmnews


എടപ്പാള്‍: അര്‍ദ്ധരാത്രിയില്‍ പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആഴമേറിയ കിണറ്റില്‍  വീണു.ചങ്ങരംകുളം പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു.ചൊവ്വാഴ്ച  പുലര്‍ച്ചെ ഒരു മണിയോടെ എടപ്പാള്‍ അംശക്കച്ചേരിയിലാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്.രാത്രി പന്ത്രണ്ടരയോടെ നൈറ്റ് പെട്രോളിങ് നടത്തുകയായിരുന്ന ചങ്ങരംകുളം എഎസ്ഐ ശിവന്‍,എസ് സി പി ഒ മധു എന്നിവരടങ്ങുന്ന സംഘമാണ് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാക്കളെ കണ്ടത്.പോലീസ് വാഹനം നിര്‍ത്താന്‍ ശ്രമിച്ചതോടെ ഇതില്‍ ഒരാള്‍ തൊട്ടടുത്ത പറമ്പിലേക്ക് ഓടി മറഞ്ഞു.മറ്റൊരു യുവാവിനെ ചോദ്യം ചെയ്തെങ്കിലും അസ്വാഭാവികത യൊന്നും തോന്നാത്തതിനാല്‍ വിട്ടയച്ചെങ്കിലും   സംശയം തോന്നിയ പോലീസ് സംഘം സമീപത്തെ പറമ്പില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് ആഴമേറിയ കിണറ്റില്‍ വീണ് കിടക്കുന്ന വിവരം അറിയുന്നത്.തുടര്‍ന്ന് പോലീസ് തന്നെ പൊന്നാനി ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്സ് അംഗങ്ങളുടെ സഹായത്തോടെ യുവാവിനെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തുകയും ആയിരുന്നു.തലമുണ്ട സ്വദേശികളായ 19/20 വയസുള്ള യുവാക്കളായിരുന്നു പോലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ചത്.ഏതാനും മാസം മുമ്പ് മാന്തടത്തിലും ചിയ്യാനൂരിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു.പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് യുവാക്കളുടെ ജീവന്‍ രക്ഷിച്ചത്.രാത്രി കാലങ്ങളില്‍ വീട്ടുകാരുടെ ശ്രദ്ധയില്‍ പെടാതെ യുവാക്കള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതും ഇത്തരം അപകടങ്ങളില്‍ പെടുന്നതും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു.