19 April 2024 Friday

മലപ്പുറത്തുകാര്‍ രണ്ട് ആഴ്ച അതീവ ജാഗ്രത പുലര്‍ത്തണം:മന്ത്രി കെടി ജലീല്‍

ckmnews

മലപ്പുറത്തുകാര്‍ രണ്ട് ആഴ്ച അതീവ ജാഗ്രത പുലര്‍ത്തണം;മന്ത്രി കെ.ടി ജലീല്‍


മലപ്പുറം: കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ഇനിയുള്ള രണ്ട് ആഴ്ച അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍.നിലവിലെ സാഹചര്യങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ട് സ്വയം സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാന്‍ ഓരോരുത്തരും തയ്യാറാവണമെന്ന് മലപ്പുറം കലക്ടറേറ്റില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതിനു ശേഷം മന്ത്രി പറഞ്ഞു. ജനകീയമായുള്ള സഹകരണത്തിലൂടെ മാത്രമെ ലോകത്തെയാകെ ആശങ്കയിലാഴ്ത്തുന്ന വിപത്തില്‍ നിന്നു നാടിനെ രക്ഷിക്കാനാവൂ. സാമൂഹ്യമായുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കണം. യാത്രകള്‍ പരമാവധി കുറക്കണം. അത്യാവശ്യങ്ങള്‍ക്കുമാത്രമായി യാത്രകള്‍ പരിമിതപ്പെടുത്തണം. ആരാധനലായങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഒരേ സമയം എത്തുന്നത് കര്‍ശനമായും ഒഴിവാക്കണം. ആരാധനകളില്‍ 20 പേര്‍ മാത്രമെ ഒരേ സമയം പങ്കെടുക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണം. കൂട്ടം ചേര്‍ന്നുള്ള അനുഷ്ഠാനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. മതപാഠശാലകള്‍ നിര്‍ബന്ധമായും അടച്ചിടണം. റോഡരികുകളിലുള്ള ആരാധനാലയങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ അടച്ചിടുന്നതാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു. ഇതൊരു അഭ്യര്‍ഥനയായി എല്ലാവരും കണക്കിലെടുക്കണം.

ജില്ലയില്‍ നാലുപേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് കൂടുതല്‍ പേരിലേക്കു വ്യാപിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്. സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാനും ഉറപ്പുവരുത്താനും പൊതു സമൂഹം തയ്യാറാവണം. രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പ്രയാസമുണ്ടെങ്കില്‍ ജില്ലയില്‍ സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്തണം. കരിപ്പൂര്‍ ഹജ്ജ് ഹൗസ്, കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍ നാഷണല്‍ ഹോസ്റ്റല്‍, നിലമ്പൂരിലെ എം.എസ്.പി ക്യാമ്പ്, മലപ്പുറം ശിക്ഷക് സദന്‍, കോട്ടക്കല്‍ അധ്യാപക സദന്‍, കരിപ്പൂരിലെ സ്വകാര്യ ഹോട്ടല്‍ എന്നീ അഞ്ചു കേന്ദ്രങ്ങളിലാണ് കോവിഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മാതൃകാപരമായ സംവിധാനങ്ങളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വിലയിരുത്തി. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ സ്വകാര്യ ആശുപത്രികളുടെ സേവനവും ഏതു സമയവും ഉപയോഗിക്കാവുന്ന വിധത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും വാര്‍ഡുതലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളും പൊലീസും കാര്യക്ഷമമായി ഇടപെട്ടു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.