28 March 2024 Thursday

20 വർഷത്തെ അജ്ഞാതവാസം, ഒടുവിൽ വീണ്ടും ഗുരുവായൂരെത്തി, പരിചയക്കാരൻ കണ്ടു; കൊലക്കേസ് പ്രതി പിടിയിൽ

ckmnews


തൃശ്ശൂർ: കൊലക്കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ. ചാമക്കാല പോണത്ത് റെജി എന്ന തമിഴന്‍ റെജി (42) യെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നീണ്ട 20 വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ റെജിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടില്‍ ഒരു കൊലപാതകം ചെയ്ത ശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായിരുന്നു റെജി. 


കൊടുങ്ങല്ലൂര്‍ ചാമക്കാലയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിലാണ് റെജി കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം ഒളിവിഷ കഴിഞ്ഞിരുന്നത്. 2003 ഡിസംബറില്‍ ചാമക്കാല സ്വദേശിയായ ശ്രീനാഥിനെ ചാമക്കാല ഹൈസ്‌കൂളിന്റെ പരിസരത്തുവച്ച് ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ച് വാളുകൊണ്ട് വെട്ടി മൃതപ്രായനാക്കി എടുത്തുകൊണ്ടുപോയി തോട്ടില്‍ വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിലെ ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട ബാലന്‍ എന്നറിയപ്പെടുന്ന റെജി സംഭവത്തിന് ശേഷം പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു.

സംഭവശേഷം റെജി ചാമക്കാലയില്‍നിന്ന് രക്ഷപ്പെട്ട് കോയമ്പത്തൂര്‍ ഉക്കടത്ത് എത്തി ചായക്കടയില്‍ ജോലി നോക്കുകയും പോലീസ് അന്വേഷിച്ച് എത്തിയ സമയം കടയുടെ പിന്‍വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിവിധ ജോലികളില്‍ ഏര്‍പ്പെടുകയും ശേഷം കോയമ്പത്തൂരിലെ രാമനാഥപുരത്ത് എത്തി അവിടത്തെ മാടുകച്ചവടക്കാരന്റെ ഇറച്ചിക്കടയില്‍ ജോലി നോക്കുകയും തുടര്‍ന്ന് അവിടെയുള്ള തമിഴ്‌നാട്ടുകാരിയെ വിവാഹം കഴിച്ച് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചു വരികയുമായിരുന്നു.

ഇതിനിടയില്‍ പ്രതിയെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നാട്ടുകാരില്‍ ആരോ കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം നിരവധി സി.സി.ടിവികള്‍ പരിശോധിച്ചതില്‍ പ്രതി കോയമ്പത്തൂര്‍ ബസില്‍ കയറുന്നത് കണ്ടെത്തി. തുടര്‍ന്ന് ബസ് കണ്ടക്ടറെ കണ്ട് ചോദിച്ചതില്‍ പ്രതി കോയമ്പത്തൂരിലെ രാമനാഥപുരത്ത് ഇറങ്ങിയതായി മനസിലാക്കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിക്ക് രാമനാഥപുരത്തുള്ള ബന്ധങ്ങളെ കുറിച്ച് സൂചന ലഭിക്കുകയും അന്വേഷണസംഘം വേഷം മാറി റെജി ജോലി ചെയ്തിരുന്ന ഇറച്ചിക്കടയില്‍ എത്തി ഇറച്ചി വാങ്ങി. ഇതിനിടെ തന്ത്രപൂര്‍വം പ്രതിയുടെ വിവിധ ഫോട്ടോകള്‍ എടുത്ത് നാട്ടില്‍ റെജിയെ പരിചയമുള്ള ആളുകള്‍ക്ക് അയച്ചുകൊടുത്ത് പ്രതി തന്നെയാണെന്ന് ഉറപ്പുവരുത്തിയതി.


ഇതിനുശേഷം ഇറച്ചിക്കട വളഞ്ഞ് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌ഗ്രെയുടെ നിര്‍ദേശാനുസരണം കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള എസ്.ഐമാരായ സുനില്‍ പി.സി, പ്രദീപ് സി.ആര്‍, സി.പി.ഒ. ബിജു സി.കെ, സി.പി.ഒ. നിഷാന്ത് എ.ബി. എന്നിവരടങ്ങിയ അന്വേഷണസംഘമാണ് തമിഴ്‌നാട് രാമനാഥപുരത്തുനിന്ന് പ്രതിയെ പിടികൂടിയത്.