24 April 2024 Wednesday

കര്‍ണാടക നിയമസഭ സ്പീക്കര്‍ :മലയാളിയായ യു.ടി ഖാദര്‍

ckmnews

കര്‍ണാടക : കര്‍ണാടക നിയമസഭ സ്പീക്കറായി മലയാളിയായ യു.ടി ഖാദറിനെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്ന് യു.ടി ഖാദര്‍  പറഞ്ഞു .


രാവിലെ നടന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗത്തിന് ശേഷം 11 മണിയോടെ സഭാ നടപടികള്‍ ആരംഭിച്ചു. എതിരാളിയില്ലാത്തതിനാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രഖ്യാപനം മാത്രമായി മാറി.


കര്‍ണാടക നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്പീക്കര്‍ ഉണ്ടാകുന്നത്. ഭരണ – പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിര്‍ത്തി മുന്നോട്ടു കൊണ്ടുപോവുകയാണ് ലക്ഷ്യമെന്ന് യു.ടി ഖാദര്‍ പറഞ്ഞു.


നിയമസഭാ സമാജികനായുള്ള പരിചയ സമ്പത്തുകൊണ്ടുതന്നെയാണ് യു.ടി ഖാദറിന് സ്പീക്കര്‍ സ്ഥാനം നല്‍കിയത്. ഖാദര്‍ സ്പീക്കര്‍ ആകുമ്പോള്‍ മലയാളിയായ എന്‍.എ ഹാരിസിന് മന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ കര്‍ണാടകയില്‍ വിജയിച്ച മൂന്ന് മലയാളികളും വിധാന്‍ സൗധിലെത്തും.