25 April 2024 Thursday

പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം; ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍

ckmnews

ഡല്‍ഹി : പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം. 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നിലപാടെടുത്തത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, സിപിഐഎം, രാഷ്ട്രീയ ജനതാദള്‍ , ജനതാദള്‍ യുണൈറ്റഡ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി എന്നിവരടക്കമാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്.


പ്രസിഡന്റ് ദ്രൗപദി മുര്‍മുവിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതാണ് പ്രതിപക്ഷം വിട്ടുനില്‍ക്കാന്‍ കാരണം. ഹിന്ദുത്വ പ്രചാരകന്‍ വി ഡി സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ചടങ്ങെന്നതും പ്രതിപക്ഷം വിമര്‍ശിക്കുന്നു.


പ്രസിഡന്റ് മുര്‍മുവിനെ ഒഴിവാക്കി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ജനാധിപത്യത്തിനെതിരായ കടുത്ത അപമാനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ ഉന്നത പദവിയെ അപമാനിക്കുന്ന നടപടിയാണിതെന്നും ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു.


പാര്‍ലമെന്റ് ഉദ്ഘാടനത്തിന് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കണമോ എന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അതേസമയം രാജ്യത്തിന്റെ പുരോഗതിയില്‍ കോണ്‍ഗ്രസിന് ദേശീയ മനോഭാവവും അഭിമാനബോധവും ഇല്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 ഒക്ടോബര്‍ 24 ന് പാര്‍ലമെന്റ് അനെക്സ് മന്ദിരം ഉദ്ഘാടനം ചെയ്തിരുന്നു. 1987 ഓഗസ്റ്റ് 15 ന് പാര്‍ലമെന്റ് ലൈബ്രറിയുടെ തറക്കല്ലിട്ടത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. പിന്നെ എന്തുകൊണ്ട് പ്രധാനമന്ത്രി മോദിക്ക് ഇത് ചെയ്തുകൂടായെന്നും കേന്ദ്രമന്ത്രി ചോദിച്ചു.