20 April 2024 Saturday

IPL : എടപ്പാൾ സ്വദേശി ദേവ്ദത്ത് പടിക്കലിന് അർധ സെഞ്ചുറി; ബാംഗ്ലൂരിന് മികച്ച തുടക്കം

ckmnews

ദുബായ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച തിടക്കം. വമ്പനടികളുമായി മലയാളിയായ ദേവദത്ത് പടിക്കലാണ് ബാംഗ്ലൂരിന് മികച്ച തുടക്കം സമ്മാനിച്ചത്. 36 പന്തിൽ അർധ സെഞ്ചുറി തികച്ച ദേവദത്ത് ആരോൺ ഫിഞ്ചിനൊപ്പം മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി.

നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്സ് ബൗളിങ് തിരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ടോസ് നേടുന്ന ക്യാപ്റ്റന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. 

ഐ.പി.എല്ലില്‍ ഭാഗ്യം ഏറ്റവും കുറഞ്ഞനുഗ്രഹിച്ച ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിരാട് കോലി, ക്രിസ് ഗെയ്ല്‍, എ.ബി. ഡിവില്ലിയേഴ്സ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ അണിനിരന്ന ടീം മൂന്നുവട്ടം ഫൈനലിലെത്തി. പക്ഷേ, ഒരിക്കലും കിരീടം നേടാനായില്ല. വിരാട് കോലി നയിക്കുന്ന ടീം കിരീടം നേടണമെന്ന് ആഗ്രഹിക്കുന്ന ആരാധകരേറെയുണ്ട്. ഗെയ്ല്‍ ഇത്തവണ പഞ്ചാബ് നിരയിലേക്ക് ചേക്കേറി. 


കോലി, ഡിവില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച്, പാര്‍ഥിവ് പട്ടേല്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരം ദേവദത്ത് പടിക്കല്‍, ഓള്‍റൗണ്ടര്‍മാരായ മോയിന്‍ അലി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരടങ്ങിയ ബാറ്റിങ് നിര ശക്തമാണ്. സ്വന്തംനിലയ്ക്ക് കളിയുടെ ഗതിമാറ്റാനാകുന്ന ബാറ്റ്സ്മാന്‍മാര്‍ ഈ കൂട്ടത്തിലുണ്ട്.

ഇന്ത്യന്‍ താരങ്ങളായ ഉമേഷ് യാദവ്, നവ്ദീപ് സെയ്നി, ദുബെ എന്നിവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്നും ഉള്‍പ്പെട്ടതാണ് പേസ് നിര. ഇംഗ്ലണ്ടിന്റെ മോയിന്‍ അലി, ഇന്ത്യക്കാരായ യുസ്വേന്ദ്ര ചാഹല്‍, പവന്‍ നേഗി, ഷഹബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍, ഓസ്ട്രേലിയയുടെ ആദം സാംപ എന്നിവരടങ്ങിയ സ്പിന്‍ നിരയ്ക്ക് വൈവിധ്യവും ആഴവുമുണ്ട്.

മറുവശത്ത് 2013-ല്‍ ഐ.പി.എല്ലിന്റെ ഭാഗമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ അഞ്ചുതവണ പ്ലേ ഓഫിലെത്തി. ഒരുതവണ കിരീടവും സ്വന്തമാക്കി. 

ഇക്കുറിയും ശക്തമായ ടീമാണ് ഹൈദരാബാദ്. ഐ.പി.എല്‍. സീസണില്‍ മൂന്നുവട്ടം ടോപ് സ്‌കോററായ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറാണ് ടീമിന്റെ പ്രധാന ആയുധം. കെയ്ന്‍ വില്യംസണ് പകരം ഇക്കുറി ക്യാപ്റ്റനും വാര്‍ണറാണ്. ഒപ്പം ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍‌സ്റ്റോയും ചേരുന്ന ഓപ്പണിങ് സഖ്യം സ്‌ഫോടനാത്മകമായിരിക്കും. ന്യൂസീലന്‍ഡിന്റെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ്, ഇന്ത്യയുടെ മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, വൃദ്ധിമാന്‍ സാഹ തുടങ്ങിയവരാണ് പിന്നീടുള്ളത്.

ഭുവനേശ്വര്‍കുമാര്‍, ഖലീല്‍ അഹമ്മദ്, മലയാളിയായ ബേസില്‍ തമ്പി, സിദ്ധാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ എന്നിവരുള്‍പ്പെട്ട പേസ് ബൗളിങ് നിര ശക്തമാണ്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാന്‍, മുഹമ്മദ് നബി, ഇന്ത്യയുടെ ഷഹബാസ് നദീം എന്നിവരാണ് സ്പിന്‍ വിഭാഗത്തിന് നേതൃത്വം നല്‍കേണ്ടത്. മുഹമ്മദ് നബി, മിച്ചല്‍ മാര്‍ഷ്, വിജയ് ശങ്കര്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍മാരാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍  പ്രതീക്ഷയിലായിരുന്നു  മലയാളി ക്രിക്കറ്റ് ആരാധകരും. ഒരു മലയാളി യുവ ക്രിക്കറ്റുടെ അരങ്ങേറ്റം കൂടിയായിരുന്നു  ഇന്നത്തെ മത്സരം. മലപ്പുറം എടപ്പാള്‍ സ്വദേശി ദേവ്ദത്ത് പടിക്കലാണ് ഇന്ന് കളത്തിലിറങ്ങിയത് . ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ഇന്ന് വിരാട് കോലിക്ക് കീഴില്‍ കളിക്കാന്‍ ഇറങ്ങിയത് . കാരണം കഴിഞ്ഞ ആഭ്യന്തര സീസണില്‍ ഇത്രത്തോളം സ്ഥിരത പുലര്‍ത്തിയ മറ്റൊരു താരമില്ല.


ആഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ദേവ്ദത്തിന് ആര്‍സിബിയിലേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ സീസണില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു ദേവ്ദത്ത്. 12 ഇന്നിങ്‌സില്‍ നിന്ന് 64.44 ശരാശരിയില്‍ 580 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. പുറത്താവാതെ നേടിയ 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി ടസ്‌കേഴ്സിന്റെ താരമായിരുന്ന സമയത്താണ് ദേവ്ദത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി കരാര്‍ ഒപ്പിടുന്നത്. 


വിജയ് ഹസാരെ ട്രോഫിയിലും ദേവ്ദത്ത് തന്നെയായിരുന്നു ടോപ് സ്‌കോറര്‍. ടൂര്‍ണമെന്റിലൊന്നാകെ 11 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയുമായി 609 റണ്‍സാണ് താരം നേടിയത്. ഇതില്‍ രണ്ട് തവണ താരം പുറത്താവാതെ നിന്നു. അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ 829 റണ്‍സുമായി ടോപ് സ്‌കോററായപ്പോള്‍ ഇന്ത്യയുടെ യുവ ടീമിലേക്കും വിളിയെത്തി. 2018ല്‍ അണ്ടര്‍ 19 ഏഷ്യകപ്പില്‍ യുഎഇക്കെതിരെ സെഞ്ചുറി നേടിയിരുന്നു.


മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ് ദേവ്ദത്ത്. പാലക്കാട് ചിറ്റൂര്‍ അണിക്കോട് കുന്നത്തുവീട്ടില്‍ ബാബുനുവിന്റെയും എടപ്പാള്‍ പടിക്കല്‍ അമ്പിളിയുടെയും മകനാണ് ദേവ്ദത്ത്. മാതാപിതാക്കള്‍ക്കൊപ്പം ഹൈദരാബാദിലിയുന്നു ദേവ്ദത്ത്. പിന്നീട് 11ാം വയസില്‍ ബംഗളൂരുലേക്ക് കൂടുമാറി.