24 April 2024 Wednesday

കനത്ത മഴ; തൃശൂർ ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു

ckmnews

തൃശൂർ: വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്ത് നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ജില്ലയിലെ പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവൻ സ്പിൽവേ ഷട്ടറുകളും തുറന്നു. ഡാമുകളുടെ നാല് സ്പിൽവേ ഷട്ടറുകളും അഞ്ച് സെൻറി മീറ്റർ വീതമാണ് തുറന്നത്.

ഡാമുകളിലെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ കെ.എസ്.ഇ.ബി വൈദ്യുതോൽപാദനവും തുടങ്ങി. ഡാമുകൾ തുറക്കുന്നതിനും വൈദ്യുതോൽപാദനം നടത്തുന്നതിനും തിങ്കളാഴ്ചയാണ് ജില്ലാ കളക്ടർ അനുമതി നൽകിയത്.

പീച്ചി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ വഴി 9.11 ക്യുമെക്സ് ജലം ഒഴുകുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് 78.58 മീറ്ററാണ് പീച്ചിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 90.35% ജലം. പരമാവധി ജലനിരപ്പ് 79.25 മീറ്ററും ഫുൾ റിസർവോയർ ലെവൽ 79.25 മീറ്ററുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പീച്ചിയുടെ വൃഷ്ടി പ്രദേശത്ത് 48.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.

തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് 75.17 മീറ്ററാണ് ചിമ്മിനിയിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 93.98% ജലം. പരമാവധി ജലനിരപ്പ് 76.70 മീറ്ററും ഫുൾ റിസർവോയർ ലെവൽ 76.40 മീറ്ററുമാണ്.

ഡാമുകൾ തുറന്നതിനെ തുറന്ന് മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂർപ്പുഴ എന്നീ നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകി. ഈ നദികളിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്.