19 April 2024 Friday

പാകിസ്ഥാനില്‍ മരിച്ച കപ്പൂര്‍ സ്വദേശിയുടെ മൃത​ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും വീട്ടിലേക്ക് കൊണ്ട് വരില്ല അതിർത്തിയിൽ തന്നെ സംസ്കരിക്കും

ckmnews


പാകിസ്ഥാനിൽ മരിച്ച പാലക്കാട്‌ കപ്പൂർ സ്വദേശിയുടെ മൃതദേഹം പഞ്ചാബ് അതിർത്തിയിൽ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കും. കപ്പൂർ ചിറയത്ത് വളപ്പിൽ സുൽഫിക്കറുടെ (48) മൃതദേഹമാണ് പഞ്ചാബ് അതിർത്തിയിൽ എത്തിക്കുക.  അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി എന്ന നിലയിൽ പാകിസ്ഥാൻ ജയിലിൽ കഴിയവെയാണ് മരണം. മൃതദേഹം സുൽഫിക്കറുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞാലേ ഇന്ത്യയിലേക്ക് അയക്കൂ. മൃതദേഹം അതിർത്തിയിലെത്തി കണ്ടതിന് ശേഷം അവിടെത്തന്നെ സംസ്കാരം നടത്താമെന്നാണ് സഹോദരൻ മുഹമ്മദുകുട്ടി അറിയിച്ചത്‌. എഡിഎം കെ മണികണ്ഠന്റെ നിർദേശ പ്രകാരം വീട്ടിൽ കപ്പൂർ വില്ലേജ് ഓഫീസർ കെ എസ്‌ ബിന്ദു, സുൽഫിക്കറുടെ വീട്ടിലെത്തി. സഹോദരൻ മുഹമ്മദുകുട്ടി നിലവിൽ യുഎഇയിലാണ്. മൃതദേഹം സ്വീകരിക്കാമെന്ന് ഇയാൾ ഫോണിലൂടെയാണ്‌ വില്ലേജ് ഓഫീസറെ അറിയിച്ചത്. സുൽഫിക്കറുടെ വീട്ടിൽ ബാപ്പ അബ്ദുൾ ഹമീദ് മാത്രമാണുള്ളത്. മൃതദേഹം സ്വീകരിക്കാൻ തയ്യാറാണെന്ന് അബ്​ദുൾ ഹമീദും അറിയിച്ചു. 80 വയസ്സുള്ള അബ്ദുൾ ഹമീദിന് പഞ്ചാബ് വരെ യാത്ര ചെയ്യാൻ കഴിയില്ല. അതിനാലാണ് സഹോദരൻ എത്താമെന്നറിയിച്ചത്.  കഴിഞ്ഞ ദിവസം രാത്രിയാണ്  സുൽഫിക്കറിന്റെ മരണവിവരം പാകിസ്ഥാൻ പൊലീസിൽനിന്ന് ഇന്ത്യക്ക് ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ജില്ലാ ഭരണസംവിധാനം വിഷയത്തിൽ ഇടപെട്ട് കുടുംബവുമായി സംസാരിച്ചത്. സുൽഫിക്കർ 2018ൽ വീടുവിട്ടുപോയതാണെന്നും പിന്നീട് ബന്ധമില്ലെന്നും ബന്ധുക്കൾ അറിയിച്ചു.  എൻഐഎയും ഭീകര വിരുദ്ധ സ്ക്വാഡും നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് ഐഎസുമായി ബന്ധമുളളതായി കണ്ടെത്തിയെന്നാണ് വിവരം. ഇയാൾ അബുദാബിയിൽ എത്തിയതായി സൂചന ലഭിച്ചെങ്കിലും വർഷങ്ങളായി ഒരു വിവരവും എൻഐഎയ്ക്കും ഭീകര വിരുദ്ധ സ്ക്വാഡിനും ഉണ്ടായിരുന്നില്ല.  എൻഐഎ അന്വേഷണത്തിന് പിന്നാലെ ഭാര്യയും രണ്ട് മക്കളും സുൽഫിക്കറിൽനിന്ന് അകന്നാണ് കഴിയുന്നത്.