24 April 2024 Wednesday

ആർആർആറിലെ വില്ലനായെത്തിയ നടൻ റേ സ്റ്റീവൻസൺ അന്തരിച്ചു

ckmnews


എസ്.എസ് രാജമൗലി ചിത്രം ആർആർആറിൽ വില്ലനായ ബ്രിട്ടീഷ് ഗവർണറായി അഭിനയിച്ച വടക്കൻ ഐറിഷ് നടൻ റേ സ്റ്റീവൻസൺ (58) അന്തരിച്ചു. ഇറ്റലിയിൽ സിനിമാ ഷൂട്ടിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്റ്റീവൻസൺ പിന്നീട് മരണപ്പെടുകയായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇഷിയ ദ്വീപിൽ ‘കാസിനോ ഇൻ ഇഷിയ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യനില വഷളാവുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഞായറാഴ്ചയായിരുന്നു മരണപ്പെട്ടതെന്നും ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്തു. ആര്‍ആര്‍ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നടന് ആദരാഞ്ജലി അര്‍പ്പിച്ചു. റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി കുറിച്ചു.വടക്കൻ അയർലണ്ടിലെ ലിസ്ബേണിൽ 1964 ലിലാണ് ജനനം. അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ കുടുംബം ഇംഗ്ലണ്ടിലേക്ക് മാറി. ബ്രിസ്റ്റോൾ ഓൾഡ് വിക് തിയേറ്റർ സ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം ബ്രിട്ടീഷ് ടെലിവിഷനിൽ വർഷങ്ങളോളം ജോലി ചെയ്തു. 1998 പോൾ ഗ്രീൻഗ്രാസ് സംവിധാനം ചെയ്ത ദി തിയറി ഓഫ് ഫ്ലൈറ്റിലൂടെ അദ്ദേഹം സിനിമാ അരങ്ങേറ്റം നടത്തി. കിംഗ് ആര്‍തര്‍, പബ്ലിഷര്‍ വാര്‍ സോണ്‍, കില്‍ ദ ഐറിഷ്മാന്‍, തോര്‍, ബിഗ് ഗെയിം, കോള്‍ഡ് സ്‌കിന്‍, ത്രീ മസ്‌കിറ്റേഴ്‌സ്, മെമ്മറി, ആക്‌സിഡന്റ് മാന്‍; ദ ഹിറ്റ്മാന്‍ ഹോളിഡേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.