10 June 2023 Saturday

15 വർഷത്തിനുശേഷം കേരളത്തിൽ ജൂത കല്യാണം

ckmnews


നീണ്ട പതിനഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ ഒരു ജുത വിവാഹം നടന്നു. സംസ്ഥാനത്തെ ജൂതപാരമ്പര്യത്തിന്‍റെ ചരിത്രം പേറുന്ന കൊച്ചിയില്‍ പരമ്പരാഗത ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.  ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവൽ എന്നിവരുടെ മകളും യുഎസിൽ ഡേറ്റ സയന്റിസ്റ്റുമായ റേയ്ച്ചലും യുഎസ് പൗരനും നാസ എൻജിനീയറുമായ റിച്ചഡ് സാക്കറി റോവുമാണു കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന ചടങ്ങില്‍ വിവാഹിതരായത്.


ഇസ്രായേലില്‍ നിന്നെത്തിയ റബായി ആരിയല്‍ ടൈസന്‍റെ കാര്‍മികത്വത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. റബായി വായിച്ചു നൽകിയ ‘കെത്തുബ’ എന്ന വിവാഹ ഉടമ്പടി കേട്ട ശേഷം, മുന്തിരിവീഞ്ഞു നിറച്ച സ്വർണക്കാസയിൽ സൂക്ഷിച്ച മോതിരം ഇരുവരും പരസ്പരം അണിയിച്ചു. തുടര്‍ന്ന് ജൂതമതാചാര പ്രകാരം വരന്‍ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു കൊണ്ട് റേയ്ച്ചലും റിച്ചാഡും വിവാഹ ജീവിതത്തിലേക്ക് കടന്നു.


കേരളത്തിലെ ജൂതപ്പള്ളികളെല്ലാം സംരക്ഷിത പൈതൃക സ്മാരകങ്ങള്‍ ആയതിനാൽ വധൂവരന്മാർക്ക് പുറമെ ചുരുക്കം ചില  ബന്ധുക്കൾക്ക് മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കൂകയുള്ളു. അതിനാലാണ് ആചാരപരമായ ചടങ്ങുകൾ മുഴുവൻ അതിഥികൾക്കും കാണാൻ കഴിയും വിധം ജൂതപ്പള്ളിക്ക് പുറത്ത് സ്വകാര്യ റിസോർട്ടിൽ ചൂപ്പ (മണ്ഡപം) കെട്ടി നടത്തിയത്. കേരളത്തില്‍ അപൂര്‍വമായി നടക്കാറുള്ള ജൂത വിവാഹം കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. വധൂവരന്മാര്‍ക്കൊപ്പം ബന്ധുക്കളും ഇസ്രയേലി പാട്ടിനൊപ്പം ചുവടു വച്ചതോടെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായി.