28 March 2024 Thursday

തണൽ വെൽഫയർ സൊസൈറ്റിയുടെ പതിനാലാം വാർഷികവും തണൽ സുരക്ഷാ പദ്ധതിയുടെ ലോഞ്ചിംഗും മെയ് 26ന് നടക്കും

ckmnews

തണൽ വെൽഫയർ സൊസൈറ്റിയുടെ പതിനാലാം വാർഷികവും തണൽ സുരക്ഷാ പദ്ധതിയുടെ ലോഞ്ചിംഗും മെയ് 26ന് നടക്കും


മാറഞ്ചേരി: പലിശയുടെ കെടുതിയിൽ നിന്ന്  ജനകീയ ബദൽ തീർത്ത് ഒരു നാടിന് തണലേകി 14 വർഷങ്ങൾ പിന്നിടുന്ന തണൽ വെൽഫയർ സൊസൈറ്റിയുടെ പതിനാലാം വാർഷികവും തണൽ സുരക്ഷാ പദ്ധതിയുടെ ലോഞ്ചിംഗും മെയ് 26ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.127 പലിശരഹിത അയൽ കൂട്ടങ്ങളിലൂടെ 2500 ഓളം കുടുംബങ്ങൾക്ക് പലിശയെന്ന കൊടും ചൂഷണത്തിൽ നിന്ന് കര കയറാൻ കോടിക്കണക്കിന് രൂപയുടെ സഹായങ്ങൾ നൽകി പുതിയ അധ്യായം തീർത്ത മാറഞ്ചേരി മുക്കാല കേന്ദ്രമായി പ്രവർത്തിക്കുന്ന തണൽ വെൽഫയർ സൊസൈറ്റിയാണ് അതിന്റെ പതിനാലാം വാർഷികത്തിന് തയ്യാറെടുക്കുന്നത്. മെയ് 26ന്  2.30 മുതൽ മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ തണൽ സുരക്ഷാ പദ്ധതിയുടെ ലോഞ്ചിംഗും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.


പലിശ രഹിത വായ്പാ വിതരണത്തിൽ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് അത്താണിയായി മാറിയ തണൽ , അംഗങ്ങളുടെ ക്ഷേമത്തിനായി തുടങ്ങുന്ന പുതിയ പദ്ധതിയാണ് തണൽ സുരക്ഷാ പദ്ധതി.മരണാനന്തര സഹായം, മാരക രോഗ ചികിത്സാ പദ്ധതി,പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്നിവയാണ് ഈ പദ്ധയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. മാസം 10 രൂപ അടച്ച് അംഗങ്ങളാവുന്നവർക്കാണ് ഈ പദ്ധതിയിലൂടെ സഹായധനം ലഭിക്കുക.കഴിഞ്ഞ 6 വർഷമായി വിജയകരമായി നടന്ന് വരുന്ന തണൽ പുരയിട കൃഷി പദ്ധതിക്ക് പുറമെ നബാർഡിന്റെയും കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെയും സഹായത്തോടെ ഔഷധസസ്യകൃഷിയും തണലിന്റെ നേതൃത്വത്തിൽ പുതുതായി തുടക്കം കുറിച്ചിട്ടുണ്ട്.തണൽ പതിനാലാം വാർഷികത്തിന്റെ ഉദ്ഘാടനം വെൽഫയർ പാർട്ടി അഖിലേന്ത്യാ ഉപാധ്യക്ഷൻ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. തണൽ സുരക്ഷാ പദ്ധതിയുടെ ലോഞ്ചിംഗ് പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ നാസർമാനു നിർവ്വഹിക്കും. തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് അധ്യക്ഷതവഹിക്കും.സുരക്ഷാ പദ്ധതിക്കുള്ള ആദ്യ ഫണ്ട് കൈമാറ്റം ഡോ.അബ്ദുറസാക്ക് അറക്കൽ നിർവ്വഹിക്കും.വിവിധ മത്സര വിജയികളെ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചറും മികച്ച തണൽ പുരയിട കർഷകരെ ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.കെ. സുബൈറും മികച്ച അയൽ കൂട്ടങ്ങളെ എ.സൈനുദ്ധീനും ആദരിക്കും. ഷിജിൽ മുക്കാല, നസിയനാസർ, എ.ടി.അലി എന്നിവർ പങ്കെടുക്കും.കുട്ടികളുടെയും തണൽ കുടുംബാംഗളുടെയും വിവിധ കലാപരിപാടികളും വാർഷികത്തിൽ ഉണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു.തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ്,  ട്രഷറർ ടി.ഇബ്രാഹിം കുട്ടി,എക്സിക്യൂട്ടീവ് അംഗം കെ.വി.മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.