28 March 2024 Thursday

പാമ്പുകടിയേറ്റിട്ടും അമിൽ പരീക്ഷ എഴുതി; തനിക്കും സ്കൂളിനും വേണ്ടി

ckmnews

പാമ്പുകടിയേറ്റിട്ടും അമിൽ പരീക്ഷ എഴുതി; തനിക്കും സ്കൂളിനും വേണ്ടി


കോട്ടയ്ക്കൽ:പാമ്പുകടിയേറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോൾ അമിലിന്റെ മനസ്സിൽ പരീക്ഷ മുടങ്ങുമോ എന്ന ആധിയായിരുന്നു. കാലിലെ വേദനയ്ക്ക് അൽപം ശമനം വന്നപ്പോൾ അമിൽ ഡോക്ടറോടു പറഞ്ഞു. ‘എനിക്ക് പരീക്ഷ മുടക്കാൻ കഴി‌യില്ല.എങ്ങനെയെങ്കിലും സ്കൂളിൽപോയി പരീക്ഷയെഴുതണം’ അമിലിന്റെ ആത്മവിശ്വാസത്തിനൊപ്പം ഡോക്ടറും വീട്ടുകാരും നിന്നു.അങ്ങനെ, ആശുപത്രിയിൽനിന്നെത്തി അമിൽ എസ്എസ്എൽസി പരീക്ഷയെഴുതി. അമിൽ പരീക്ഷയെഴുതിനാലാണ് എടരിക്കോട് പികെഎംഎം ഹയർ സെക്കൻഡറി സ്കൂളിന് സംസ്ഥാനതലത്തിൽ 100% വിജയം നേടാനായത്. തിരൂർ ആലിൻചുവട് സ്വദേശി കുറ്റിയത്തിൽ ലത്തീഫിന്റെ മകനാണ് കെ.അമിൽ. 


എസ്എസ്എൽസി പരീക്ഷയ്ക്കു കൂട്ടുകാർക്കൊപ്പം ഒത്തുകൂടിയുള്ള പഠനത്തിനു പോകുമ്പോൾ മാർച്ച് 25നു രാത്രിയാണ് അമിലിനെ അണലി കടിച്ചത്. തുടർന്ന് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.26ന് പരീക്ഷയുണ്ടായിരുന്നില്ല. പിറ്റേദിവസം കണക്കു പരീക്ഷ. ഡോക്ടർ സമ്മതിച്ചതോടെ അമിൽ പരീക്ഷയെഴുതാൻ പഠനം തുടങ്ങി. 27ന് അമിൽ സ്കൂളിലെത്തി തികഞ്ഞ ആത്മവിശ്വസത്തോടെ പരീക്ഷയെഴുതി. പിന്നീട് മറ്റു പരീക്ഷകളും എഴുതി. ഫലം വന്നപ്പോൾ ബി പ്ലസ് നേടി അമിൽ വിജയിക്കുകയും ചെയ്തു. തന്റെയും സ്കൂളിന്റെ ചരിത്രവിജയത്തിലും അമിൽ ഇപ്പോൾ സന്തോഷിക്കുകയാണ്.