19 April 2024 Friday

രണ്ടാമൂഴം ഒത്ത് തീർപ്പിന് സുപ്രീം കോടതി അംഗീകാരം നൽകി

ckmnews

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസിലെ ഒത്തുതീർപ്പ് വ്യവസ്ഥയ്ക്ക് സുപ്രീം കോടതി അംഗീകാരം നൽകി. ഒത്ത് തീർപ്പ് വ്യവസ്ഥ പ്രകാരം രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ എം.ടിക്ക് തിരിച്ച് നല്‍കും. രണ്ടാമൂഴം കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടിക്കായിരിക്കും പൂര്‍ണ അവകാശം.

അതേസമയം ശ്രീകുമാര്‍ മേനോന്‍ അഡ്വാൻസ് ആയി നൽകിയ ഒന്നേകാല്‍കോടി രൂപ എം ടി തിരികെ നൽകും. ശ്രീകുമാർ മേനോന് മഹാഭാരതം ആസ്പദമാക്കി മറ്റൊരു സിനിമ എടുക്കുന്നതിന് തടസ്സമില്ല. എന്നാൽ രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കാൻ കഴിയില്ല. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും.

ഒത്ത് തീർപ്പ് വ്യവസ്ഥ ഇരുകൂട്ടരും പാലിക്കണം എന്ന് ജസ്റ്റിസ് മാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ എം ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. എം ടി വാസുദേവൻ നായർക്ക് വേണ്ടി അഭിഭാഷകൻ ജയ് മോൻ ആൻഡ്രൂസും, ശ്രീകുമാർ മേനോന് വേണ്ടി വെങ്കിട്ട സുബ്രമണ്യവും ഹാജർ ആയി.

2014ലാണ് രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാറും കരാര്‍ ഒപ്പ് വെച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എം.ടി. കോടതിയെ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആര്‍ബിട്രേഷന്‍ വേണമെന്ന് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് ശ്രീകുമാര്‍ മേനോന്‍ സുപ്രീം കോടതിയിലെത്തിയത്.