20 April 2024 Saturday

നാലാംക്ലാസുകാരിയുടെ ചികിത്സയ്ക്കായി പുസ്തകം വിറ്റൊരു അധ്യാപിക

ckmnews



എരമംഗലം: ഈഴുവത്തിരുത്തി എ.എൽ.പി. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി സാമികയുടെ ചികിത്സച്ചെലവിന് പണം കണ്ടെത്തുന്നതിനായി പുതുപൊന്നാനി എ.എൽ.പി. സ്കൂളിലെ അധ്യാപിക രമ്യാബാബു പുസ്തകം വിൽക്കുകയാണ്.


2019 ഡിസംബർ 18-ന് പൊന്നാനി കൊല്ലൻപടി സ്വദേശി ടി. മുഹമ്മദ് ഷാഫിയുടെ മകൾ സാമികയും സഹോദരങ്ങളും സ്കൂൾവിട്ട് വീട്ടിലേക്കുവരുമ്പോഴാണ് അവർക്ക് അപകടമുണ്ടാകുന്നത്. മുത്തശ്ശിയുടെ കൈപിടിച്ച് ചമ്രവട്ടം ജങ്ഷനിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് കാറിടിച്ച് ഗുരുതരമായ പരിക്കേറ്റത്.


അപകടത്തിൽ ചികിത്സയിലിരിക്കെ മുത്തശ്ശി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാമികയുടെ ചികിത്സ തുടരുകയാണ്. വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പണമില്ലാത്തതിനാൽ ഈ കുടുംബത്തിന് കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്നാണ് അധ്യാപികയായ രമ്യാബാബു തന്റെ ആദ്യ കവിതാസമാഹാരമായ 'ഇരുൾമേഘങ്ങൾക്ക് പറയാനുള്ളത്' എന്ന പുസ്തകം തെരുവുകളിലിറങ്ങിയും സൗഹൃദങ്ങൾ ഉപയോഗപ്പെടുത്തിയും വിൽപ്പന നടത്തുന്നത്.


തന്റെ അധ്യാപിക കൂടിയായ പൊന്നാനി ന്യൂ എൽ.പി. സ്കൂളിലെ അധ്യാപിക പ്രേമയുടെ വലിയ പിന്തുണയും ഈ അധ്യാപികയ്ക്കുണ്ട്. 100 രൂപ വിലവരുന്ന ഈ പുസ്തകത്തിന്റെ 100 കോപ്പി വിൽപ്പന നടത്തി ലഭിക്കുന്ന തുക സാമികയുടെ ചികിത്സയ്ക്ക് നൽകുകയാണ് ലക്ഷ്യം.