01 December 2023 Friday

കുന്നംകുളത്തെ സിന്തറ്റിക്ക് ട്രാക്കും, ഗാലറി ബിൽഡിങ്ങും ഇന്ന് നാടിന് സമർപ്പിക്കും

ckmnews

കുന്നംകുളത്തെ സിന്തറ്റിക്ക് ട്രാക്കും, ഗാലറി ബിൽഡിങ്ങും ഇന്ന് നാടിന് സമർപ്പിക്കും


കുന്നംകുളം :ജില്ലയിലെ ആദ്യത്തെ സിന്തറ്റിക്ക് ട്രാക്ക് ഇന്ന് നാടിന് സമർപ്പിക്കും.കുന്നംകുളത്തെ  സ്പോർട്സ് ഹബ്ബാക്കി മാറ്റുന്നതിനു മുന്നോടിയായി ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച 400 മീറ്റർ സിന്തറ്റിക് ട്രാക്കും, ഗാലറി ബിൽഡിംഗും  ഇന്ന് കാലത്ത് 11 മണിക്ക്  കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുമെന്ന്  നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ എം കെ .സോമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കായിക വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും സ്പോട്സ് മെഡിക്കൽ വിഭാഗത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവ്വഹിക്കും. സിന്തറ്റിക് ട്രാക്കിൽ ഫ്ലഡ് ലിറ്റ് സംവിധാനം ഒരുക്കുമെന്നും മെയിന്റനൻസ് നടത്തിപ്പു ചുമതല ഉദ്ഘാടനത്തിനു ശേഷം തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.എ സി മൊയ്തീൻ എം എൽ എ ചടങ്ങിൽ അധ്യക്ഷനാകും. 

ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ ഒമ്പത് മണിക്ക് ശ്രീകൃഷ്ണ കോളേജും - എം ഡി കോളേജും തമ്മിലും, ജനപ്രതിനിധികളും - അധ്യാപകരും തമ്മിലുമുള്ള ഫുട്ബോൾ മത്സരവും നടക്കും .10:30-ന്  വയലിൻ ഫ്യൂഷനും അരങ്ങേറും.

ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക് എന്ന സ്ഥാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവൃത്തികൾ നിർവ്വഹിച്ചത്.എ.സി. മൊയ്തീൻ എം.എൽ.എ യുടെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി കുന്നംകുളത്ത് നടപ്പിലായത്. ഏഴുകോടി രൂപയാണ് സീനിയർ ഗ്രൗണ്ടിന്റെ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ചത്.സ്കൂൾ ഗ്രൗണ്ടിൽ നിർമ്മാണം പൂർത്തിയായ ഫുട്ബോൾ ഗ്രൗണ്ടിന് ചുറ്റുമാണ് 400 മീറ്റർ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് സജ്ജീകരിച്ചിട്ടുള്ളത്.

ഖേലാ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ദേശീയ അത്‌ലറ്റ് മത്സരങ്ങൾ നടത്തുംവിധം പദ്ധതികൾ ആവിഷകരിച്ചത്.

വാർത്താ സമ്മേളനത്തിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ് ,പി കെ ഷെബീർ,കായിക അധ്യാപകൻ ശ്രീനേഷ്,സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റൻറ് എൻജിനീയർ യുകെ നീരജ് ,പ്രൊജക്റ്റ് എൻജിനീയർ പിസി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.