19 April 2024 Friday

പുതിയ പാർലമെന്റ് മന്ദിരം: മെയ് 28 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ckmnews

പുതിയ പാർലമെന്റ് മന്ദിരം: മെയ് 28 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


പുതിയ പാർലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രിയെ കണ്ട് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചു. നാല് നിലകളുള്ള കെട്ടിടത്തിൽ, ലോക്സഭയില്‍ 888 പേര്‍ക്കും രാജ്യസഭയില്‍ 300 പേര്‍ക്കും ഇരിക്കാന്‍ സൗകര്യമുണ്ടാകും.


മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം പ്രമാണിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഗംഭീരമായി നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒമ്പത് വർഷം മുമ്പ് 2014 മെയ് 26 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2020 ഡിസംബറിൽ പ്രധാനമന്ത്രി മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമാണിത്.


ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡ് നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വലിയ ഭരണഘടനാ ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള വിശ്രമമുറി, ഒരു ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവ ഉണ്ടായിരിക്കും. പുതിയ പാർലമെന്റിൽ ലോക്‌സഭയിലെയും രാജ്യസഭയിലെയും മാർഷലുകൾക്ക് പുതിയ ഡ്രസ് കോഡ് ഉണ്ടായിരിക്കും.