16 April 2024 Tuesday

കേരളം വിട്ട് ഡൽഹിയിലേക്ക് ചേക്കേറി ബിന്ദു അമ്മിണി; ഇനി സുപ്രിംകോടതി അഭിഭാഷക

ckmnews


കേരളം വിട്ട് ഡൽഹിയിലേക്ക് ചേക്കേറി ബിന്ദു അമ്മിണി. സുപ്രിംകോടതിയിൽ അഭിഭാഷകയായി ബിന്ദു അമ്മിണി എൻറോൾ ചെയ്തു. ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.


മുതിർന്ന അഭിഭാഷകനായ മനോജ് സെൽവന്റെ ഓഫിസാണ് ഇനി ബിന്ദു അമ്മിണിയുടെ പ്രവർത്തന മേഖല. 2011 ഫെബ്രുവരിയിൽ അഭിഭാഷകയായി കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതൽ കൂടുതൽ ശ്രദ്ധ അധ്യാപനത്തിൽ ആയിരുന്നു. എന്നാൽ ബിന്ദു അമ്മിണി എൻറോൾമെന്റ് നിലനിർത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്ഥിരം അധ്യാപിക അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലായിരുന്നു.


ഏപ്രിൽ 29നാണ് ബിന്ദു അമ്മിണി കേരളം വിട്ടുപോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കുന്നത്. പ്രിവിലേജുകളിൽ കഴിയുന്നവർക്കു സുരക്ഷിതമാണ് കേരളമെന്നും തന്നെ പോലെ ഉള്ളവർക്ക് എവിടെ ആയാലും ഒരേ പോലെയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ആ പോസ്റ്റ് അവസാനിച്ചിരുന്നത്.


ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ സന്നിധാനത്തെത്തിയ ബിന്ദു അമ്മിണിക്കെതിരെ പല തവണ ആക്രമണങ്ങൾ നടന്നിരുന്നു. സൈബർ ഇടങ്ങളിലെ അസഭ്യവർഷത്തിന് പുറമെ നിരത്തുകളിലും പലവിധ ആക്രമണങ്ങളും നേരിട്ട വ്യക്തിയാണ് ബിന്ദു അമ്മിണി.