24 April 2024 Wednesday

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി അനധികൃത പൂജ; തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു

ckmnews


ശബരിമല വനമേഖലയിൽ പൊന്നമ്പലട്ടിൽ അനധികൃതമായി കടന്നു കയറി പൂജ നടത്തിയതായി പരാതി. ശബരിമലയിൽ മുൻപ് മേൽശാന്തിമാരുടെ സഹായിയായി ജോലി ചെയ്തിട്ടുള്ള നാരായണൻ നമ്പൂതിരി എന്ന ആളുടെ നേതൃത്വത്തിലാണ് നാലംഗ സംഘം പൂജയ്ക്ക് എത്തിയത്. സംഭവത്തിൽ വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയതിന് വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.എന്നാൽ പൊന്നമ്പലമേട്ടിൽ അല്ല പൂജ നടന്നത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ഒരാഴ്ച മുൻപാണ് തമിഴ്നാട് സ്വദേശികളായ നാലു പേർക്ക് വേണ്ടി ശബരിമലയിൽ മേൽശാന്തിമാരുടെ സഹായിയായി ജോലി ചെയ്തിട്ടുള്ള നാരായണൻ നമ്പൂതിരി എന്ന ആൾ പൊന്നമ്പലമേട്ടിൽ അനധികൃതമായി കടന്നു കയറി പൂജകൾ നിർവഹിച്ചത്.ഇയാൾ നേരത്തെയും ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സൃഷ്ടിച്ച ആളാണ്. പൂജയുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്. വനത്തിനുള്ളിൽ അനധികൃതമായി കടന്നു കയറിയതിന് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ആളുകൾക്ക് കടന്നുകയറാൻ നിരോധനമുള്ള മേഖല അല്ലെങ്കിലും അനുമതിയില്ലാതെ കടന്നു കയറിയതിനാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്.


സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്.എന്നാൽ ശബരിമലയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ പൊന്നമ്പലമേട്ടിൽ അനധികൃതമായി കടന്നു കയറിയവർക്കെതിരെ കർശന നടപടി വേണമെന്നാണ് ദേവസ്വം ബോർഡിൻറെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പോലീസിനും വനം വകുപ്പിനും കത്ത് നൽകിയിട്ടുണ്ട്. പൂജയ്ക്ക് വേണ്ടി എത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വിളിച്ചുവരുത്തി തെളിവുകൾ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു