19 April 2024 Friday

പൊന്നാനിയുടെ ഗസൽ പെരുമയിലേക്ക് പെയ്തിറങ്ങി സൂഫി സംഗീതം

ckmnews


ഗസലും ഖവ്വാലിയും മെഹ്ഫിൽ സംഗീതവും അലയൊലി തീർത്തിരുന്ന പൊന്നാനിയുടെ ഗതകാല സംഗീതപാരമ്പര്യത്തിലേക്ക് ആഴ്ന്നിറങ്ങി സൂഫി സംഗീതം. ആർത്തിരമ്പിയ ആസ്വാദക വൃന്ദത്തിന്റെ നിറഞ്ഞ കൈയടികൾക്ക് മീതെ ബിൻസിയും ഇമാമും പൊന്നാനിയുടെ രാവുകളെ സംഗീത സാന്ദ്രമാക്കി.ഭൂമിയിൽ നിന്നും ആകാശങ്ങളിലേക്ക് പടരുന്ന പ്രണയാനുഭവങ്ങളുടെ സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി.പൊന്നാനിയിൽ സംഘടിപ്പിച്ച രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ കലാസന്ധ്യയിലാണ് സൂഫി സംഗീതവും ഖവ്വാലിയും ജനഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയത്.പിന്നണി ഗാന രംഗത്ത് സജീവ സാന്നിധ്യമായ മിഥുലേഷ് ചോലക്കലും സൂഫി സംഗീതത്തിനൊപ്പം ചേർന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പൊന്നാനി ടൗണും കെട്ടിടങ്ങളുടെ മച്ചിൻപുറങ്ങളുമെല്ലാം  മധുരമാർന്ന ഗസലും ഖവ്വാലിയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും അലയൊലികളിൽ  സംഗീത സാന്ദ്രമായിരുന്നു.പോയകാലത്തിന്റെ സംഗീത മാധുര്യത്തിലേക്ക് പൊന്നാനിയുടെ കലാസ്വാദകരെ വീണ്ടുമെത്തിക്കാൻ കലാസന്ധ്യക്കായി.ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെ മിസ്റ്റിക് പ്രഭ ചൊരിഞ്ഞ സൂഫി സംഗീതത്തെ ജനകീയവും ജീവസ്സുറ്റതാക്കുന്നതുമായിരുന്നു ആലാപനം. ഇച്ച മസ്താൻ, അബ്ദുൽ റസാഖ് മസ്താൻ, മസ്താൻ കെ വി അബൂബക്കർ മാസ്റ്റർ തുടങ്ങിയവരുടെ മലയാള സൂഫി കാവ്യങ്ങൾ വേദിയെ ഇളക്കിമറിച്ചു. ഇബ്നു അറബി, മൻസൂർ ഹല്ലാജ്, അബ്ദുൽ യാ ഖാദിർ ജീലാനി, റാബിഅ ബസരിയ്യ, ഉമർ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങളും ജലാലുദ്ദീൻ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേർഷ്യൻ കാവ്യങ്ങളും ഖാജാ മീർ ദർദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉർദു ഗസലുകളും മനം കവർന്നു. ശ്രീനാരായണ ഗുരു, ഗുരു നിത്യചൈതന്യയതി തുടങ്ങിയവരുടെ യോഗാത്മക ശീലുകൾ, വേദ വചനങ്ങൾ, വിവിധ ഫോക് പുരാവൃത്തങ്ങൾ തുടങ്ങിയവ കൂടി പരിപാടിയുടെ ഭാഗമാക്കിയത് വേറിട്ട അനുഭവമായി. നിറഞ്ഞ സദസ്സ്് നിറഞ്ഞ ഹർഷാരവത്തോടെയാണ് ഓരോ ആലാപനത്തെയും സ്വീകരിച്ചത്.

ആർദ്രമായ പ്രണയവും നൊമ്പരവും ചേർത്ത ഈ സംഗീതം മറന്നുവെന്ന് കരുതിയ മുഖങ്ങളോർമിപ്പിച്ച്  മരിച്ചുപോയെന്നു കരുതിയ പ്രണയത്തിന്റെ കൈപിടിച്ച് വറ്റിത്തീർന്ന കണ്ണുനീരിന്റെ നനവ് വീണ്ടും പടർത്തി പൊന്നാനിയെ ചേർത്തു പിടിച്ചിരിക്കുകയാണ്. 

അക്ബർ ഗ്രീനിന്റെ തബലയും, അസ്ലം തിരൂരിന്റെ ഹാർമോണിയവും കീ ബോർഡും സുഹൈലിന്റെ ഗിത്താറും താളവാദ്യങ്ങളിൽ അസീസും ഷബീറിന്റെ ശബ്ദവിന്യാസവും ഒത്തുചേർന്നപ്പോൾ

പൂർത്തിയാവാത്ത പ്രണയം പോലെ ഒരിക്കൽ കൂടി കേൾക്കാനും അനുഭവിക്കാനും കൊതിച്ച്, പൊന്നാനിയുടെ ഗസൽ ആസ്വദകർ മടങ്ങി.