25 April 2024 Thursday

മുഖ്യമന്ത്രി സ്ഥാനം പങ്കിടാം, ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ; ഡി.കെ ഡല്‍ഹിക്ക് പോകും

ckmnews


കർണാടക മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകള്‍ക്കിടെ ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ. ഡി കെ ശിവകുമാറോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയാകുക എന്ന ആകാംഷ നിലനിൽക്കെയാണ് രണ്ട് ഫോർമുലയുമായി സിദ്ധരാമയ്യ എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നതാണ് സിദ്ധരാമയ്യയുടെ ഫോർമുല. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് മൂന്ന് വര്ഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന സിദ്ധരാമയ്യയുടെ നിർദേശം. എഐസിസിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ചർച്ചകൾക്കായി ഡൽഹിക്ക് പോകുന്നതിൽ നീരസം പ്രകടപ്പിച്ചിരുന്ന ഡി കെ ശിവകുമാർ നിലപാട് മാറ്റി. ഡല്‍ഹിക്ക് പോകുമെന്നാണ് ഡികെയുടെ ഒടുവിലത്തെ പ്രതികരണം

70 ശതമാനം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നാണ് ഡികെ ആദ്യം പ്രതികരിച്ചത്. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു. ജനം അത് തിരിച്ചും നൽകിയെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.


ഇതിനിടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷക സംഘം എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവായി ഓരോ എംഎല്‍എമാരും നിര്‍ദേശിക്കുന്ന ആളുടെ പേര് വോട്ടായി തന്നെ നിരീക്ഷക സംഘം ഞായറാഴ്ച രേഖപ്പെടുത്തിയെന്നാണ് വിവരം.

ആര് മുഖ്യമന്ത്രിയാവണം എന്നതില്‍ ഞായറാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമായിരുന്നില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം പിരിയുകയായിരുന്നു.


നിരീക്ഷകര്‍ സമാഹരിച്ച എംഎല്‍എമാരുടെ വോട്ടുകള്‍ഹൈക്കമാന്‍ഡ് പരിശോധിക്കും. നിരീക്ഷക സംഘം തങ്ങളുടെ റിപ്പോര്‍ട്ട് ഖാര്‍ഗെ, സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയവരുടെ മുന്നില്‍ വെച്ച ശേഷം ചര്‍ച്ചകള്‍ നടത്തും.