25 April 2024 Thursday

പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു

ckmnews


പാലക്കാട്: പട്ടാമ്പി വള്ളൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പട്ടാമ്പി കൊടലൂർ മാങ്കോട്ടിൽ സുധീഷിന്റെ മകൻ അശ്വിൻ (12), കുറ്റിപ്പുറം പേരശന്നുർ പന്നിക്കോട്ടിൽ സുനിൽ കുമാറിന്റെ മകൻ അഭിജിത് (13) എന്നിവരാണ് മരിച്ചത്. ഇരുവരും വള്ളൂരിലെ ക്വാട്ടേഴ്സിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണ്. ഉച്ചക്ക് വള്ളൂർ മേലെ കുളത്തിലായിരുന്നു അപകടം. 


നാട്ടുകാർ പതിവായി മീൻ പിടിക്കുന്ന കുളമായിരുന്നിത്. ഇവിടെ ഇരുവരും കൂട്ടുകാരുമൊത്ത് മീൻപിടിക്കുന്നതും കുളിക്കാനും എത്തിയതെന്നാണ് വിവരം. കുളിക്കുന്നതിനിടെ ഇരുവരും ചേറിൽ പുതഞ്ഞു പോകുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പുറത്തെടുക്കാനായില്ല. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അശ്വിൻ പട്ടാമ്പി സെന്റ് പോൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. അഭിജിത് പട്ടാമ്പി ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.