20 April 2024 Saturday

അടിതെറ്റി നിലത്തുവീണു, ദക്ഷിണേന്ത്യയില്‍ സംപൂജ്യരായി ബിജെപി

ckmnews



കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൂടി വരുമ്പോള്‍ ദക്ഷിണേന്ത്യയില്‍ സംപൂജ്യരായി ബിജെപിയുടെ പതനം. വൊക്കലിംഗ, ദളിത്, മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം ഒഴുകിയതോടെ രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തകര്‍ക്കും തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ജാതിസമവാക്യങ്ങളും ധ്രുവീകരണവും മുസ്ലിം സംവരണം നടപ്പാക്കില്ലെന്ന പ്രഖ്യാപനങ്ങളും അഴിമതി, ഹലാല്‍, ഹിജാബ്, ടിപ്പു-സവര്‍ക്കര്‍ വിവാദം തുടങ്ങി പയറ്റാവുന്ന അടവുകളെല്ലാം പയറ്റിയിട്ടും നിലംപതിച്ചു ബിജെപി.

രാഹുലും പ്രിയങ്കയും അടങ്ങിയ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ കര്‍ണാടകയില്‍ പ്രചാരണം നടത്തിയപ്പോള്‍ ബിജെപി ഇറക്കിയത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ. മോദിപ്രഭാവത്തില്‍ പക്ഷേ കര്‍ണാടക തകര്‍ന്നുതരിപ്പണമായി. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെ 129 ലോക്സഭാ സീറ്റുകളുണ്ടെങ്കിലും അതില്‍ 29 എണ്ണം മാത്രമായിരുന്നു ബിജെപിക്കുള്ളത്. അവയില്‍ മിക്കതും കര്‍ണാടകയിലും. ഇപ്പോള്‍ അതും നഷ്ടപ്പെട്ടതോടെ ദക്ഷിണേന്ത്യ ഇനി പിടിക്കണമെങ്കില്‍ ചില്ലറ തന്ത്രങ്ങളൊന്നും പയറ്റിയാല്‍ പോര. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിനൊരു തിരിച്ചുവരവ് സംശയമാണ്. പക്ഷേ എക്‌സിറ്റ് പോളുകളെ പോലും അമ്പരപ്പെടുത്തിയാണ് കോണ്‍ഗ്രസ് വിജയിച്ചത്.