19 April 2024 Friday

കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു

ckmnews


കർണാടകയിൽ വോട്ട് ചെയ്യാനെത്തിയ യുവതി പോളിംഗ് ബൂത്തിൽ പ്രസവിച്ചു. ബുധനാഴ്ച ബല്ലാരിയിലെ പോളിംഗ് ബൂത്തിലാണ് 23കാരിയായ യുവതി പ്രസവിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ബല്ലാരിയിലെ കുർലങ്കിഡി ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ യുവതിയ്ക്ക് പ്രസവവേദനയുണ്ടാവുകയും അവിടെത്തന്നെ പ്രസവിക്കുകയുമായിരുന്നു. വനിതാ ജീവനക്കാരും വോട്ടർമാരും യുവതിയെ സഹായിച്ചു.


ഇതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നിരുന്നു. ബിജെപി ഗോവയിൽ നിന്ന് ആളുകളെ കർണാടകയിലേക്ക് എത്തിക്കുന്നുവെന്നാണ് ആരോപണം. കള്ളപ്പണം കടത്തുകയാണോ അതോ കള്ളവോട്ടാണോ ബിജെപി ലക്ഷ്യമിടുന്നതെന്നും കോൺഗ്രസ് ചോദിച്ചു. ഒരു ബസിന്റെ വീഡിയോ കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.


‘എന്തിനാണ് ഗോവയിലെ ബിജെപി സർക്കാർ കദംബ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ രാത്രി വടക്കൻ കർണാടകയിലേക്ക് ആളുകളെ അയക്കുന്നത്? കള്ളപ്പണം കടത്തുകയാണോ അതോ കള്ളവോട്ടാണോ ലക്ഷ്യം?” കോൺഗ്രസ് ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി മോദിയുടെ റാലിക്ക് മുന്നോടിയായി ഗോവയിൽ നിന്നും നിരവധി പേരെ കർണാടകയിലേക്ക് വിട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയും ആരോപിച്ചു.


‘കർണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ദാണ്ഡേലിയിലെ വിസിലിംഗ് വുഡ്സ് ജംഗിൾ റിസോർട്ടിൽ എന്താണ് സംഭവിക്കുന്നത്? വിശ്വജീത് റാണെ ഇവിടെ 6 മുറികൾ ബുക്ക് ചെയ്തിട്ടുണ്ടോ? എന്താണ് ഉദ്ദേശ്യം?’-രൺദീപ് സിംഗ് സുർജേവാല ട്വിറ്ററിൽ കുറിച്ചു. കർണാടക ഡിജിപിയെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്