28 March 2024 Thursday

ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിൽ വൻ സംഘർഷം; ഗതാ​ഗതം സ്തംഭിപ്പിച്ച് റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് പ്രവർത്തകർ

ckmnews


പാക്കിസ്ഥാന്‍ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ തെരുവിൽ വൻ സംഘർഷം. ലാഹോർ, കറാച്ചി, ക്വെറ്റ ഉൾപ്പടെയുള്ള പല സ്ഥലങ്ങളിലും പിടിഐ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. കറാച്ചിയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ചു. ​ഗതാ​ഗതം സ്തംഭിപ്പിച്ച് റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയാണ് പ്രവർത്തകർ.


റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേയ്ക്കും പിടിഐ പ്രവർത്തകർ മാർച്ച് നടത്തി. ലാഹോറിൽ സൈനിക ഉദ്യോ​ഗസ്ഥന്റെ വീടിന് നേരെയും ആക്രമണുണ്ടായി. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ഭൂമി ഇടപാടിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാകിസ്താൻ സൈന്യത്തെ ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.


സൈന്യം ഇമ്രാന്‍ ഖാന്റെ വാഹനത്തെ വളയുന്നതും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. സൈന്യം മോശപ്പെട്ട രീതിയില്‍ ഇമ്രാന്‍ ഖാനെ കൈകാര്യം ചെയ്തതായി ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐ ആരോപിച്ചു. അതിന് പിന്നാലെയാണ് പലയിടത്തും വൻ സംഘർഷമുണ്ടായത്.


ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അപ്പോൾ തന്നെ പി ടി ഐ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പാക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളിൽ ജാമ്യം തേടാനാണ് ഇമ്രാൻ ഖാൻ കോടതിയിലെത്തിയത്. അപ്പോഴാണ് കോടതിക്ക് പുറത്തുവെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.