25 April 2024 Thursday

മുളക് പൊടി മുഖത്ത് വിതറി ആക്രമണം; ക്വട്ടേഷൻ നൽകിയത് അയൽവാസിയായ അമ്മയും മകളും

ckmnews


ഇടുക്കി: രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയ ആളുടെ മുഖത്ത് മുളകുപൊടി വിതറി ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ

ട്വിസ്റ്റ്. നടക്കാനിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസിയായ അമ്മയും മകളും. പൊലീസ് കേസെടുത്തോടെ ഇരുവരും ഒളിവില്‍ പോയി. തൊടുപുഴ ഇഞ്ചിയാനി സ്വദേശികളായ മിൽക്ക, മകൾ അനീറ്റ എന്നിവരാണ് ഒരാഴ്ചയിലേറെയായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്നത്. ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുവരും ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യത്തിനും ശ്രമിച്ചു വരികയാണെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.


ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനെയാണ് (44) ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചത്. രാവിലെ ആറേമുക്കാലോടെ വീടിനു സമീപത്തെ ഇടറോഡില്‍ വെച്ചാണ് സംഭവം. നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ പേരു ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് ആക്രമിച്ചത്. ഓമനക്കുട്ടനോടുള്ള വ്യക്തിവൈരാഗ്യം നിമിത്തം ഇയാളുടെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയത് ഇവരുടെ അയൽവാസിയായ മിൽക്കയും മകൾ അനീറ്റയുമാണെന്നാണ് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൊച്ചിയിലെ ക്വട്ടേഷൻ സംഘാംഗങ്ങളും പത്തോളം ക്രിമിനൽ കേസുകളിൽ പ്രതികളുമായ ചേരാനല്ലൂർ അമ്പലക്കടവ് ചൂരപ്പ റമ്പിൽ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പിൽ ശ്രീജിത്ത് (25) എന്നിവരെ ചേരാനല്ലൂർ പൊലീസിന്റെ സഹായത്തോടെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 26നായിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിനു സമീപമുള്ള ഇടറോഡിൽ കൂടി നടന്നു വരികയായിരുന്ന ഓമനക്കുട്ടനെ സ്കൂട്ടറിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇടതു കാലിന് കല്ലുകൊണ്ടിടിച്ച് പരിക്കേൽക്കുകയും ചെയ്തു. ഓമനക്കുട്ടന്റ കൈയ്യിലെ മൊബൈൽ ഫോൺ തട്ടിയെടുത്താണ് പ്രതികൾ കടന്നത്. പ്രതികൾ വാഹനത്തിൽ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്വട്ടേഷൻ സംഘം പിടിയിലായി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണത്തിന് പിന്നിൽ അയൽവാസിയായ അമ്മയും മകളും ആണെന്ന് പൊലീസ് കണ്ടെത്തിത്. അയൽവാസികളായ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും ഇതിന്‍റെ പകയിലാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു.