20 April 2024 Saturday

ഷൊർണ്ണൂരിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയയാൾ അറസ്റ്റിൽ

ckmnews


ഷൊർണൂർ: ഷൊർണൂർ – നിലമ്പൂർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച ശേഷം ട്രെയിനിൽ നിന്നു ചാടിയ യുവാവിനെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി മാരായമംഗലം കുന്നുംപാറ ഷാഫിയെയാണ് (24) അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ 30നു രാത്രിയാണ് നിലമ്പൂർ ചന്തക്കുന്ന് മമ്മുള്ളി നമ്പൂല വീട്ടിൽ ഷീജയുടെ 2 പവന്റെ മാല പൊട്ടിച്ചത്.


വനിതകളുടെ കംപാർട്മെന്റിലായിരുന്നു സംഭവം. ട്രെയിൻ തുവ്വൂർ സ്റ്റേഷനു സമീപമെത്തിയപ്പോഴാണു യുവാവ് ട്രെയിനിൽ നിന്നു ചാടിയത്. ഷൊർണൂർ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലാവുകയായിരുന്നു. റെയിൽവേ സിഐ പി.വി.രമേശ്, പാലക്കാട് റെയിൽവേ എസ്ഐ അൻഷാദ്, ഷൊർണൂർ റെയിൽവേ എസ്ഐ അനിൽ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.