20 April 2024 Saturday

നാടൻ നായ്ക്കുട്ടി കഥാപാത്രമാകുന്ന 'നെയ്മർ' ട്രെയ്‌ലർ പുറത്തിറങ്ങി

ckmnews


ലോക സിനിമാ ചരിത്രത്തിൽ ഒരു നാടൻ നായ്ക്കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി തിയേറ്ററിൽ എത്തുന്ന നെയ്മർ (Neymar trailer) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. സുധി മാഡിസൺ ആദ്യമായി കഥയും സംവിധാനവും നിർവഹിക്കുന്ന ‘നെയ്മർ’ വെറുമൊരു പ്രണയചിത്രമല്ലെന്ന സൂചനയാണ് ട്രെയ്‌ലറിലുള്ളത്. കൗമാരത്തിന്റെ കുസൃതിയും നർമവും മാത്രമല്ല ആക്ഷനും മാസ്സ് ഡയലോഗുകൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.


ഗബ്രി എന്ന വില്ലൻ കഥാപാത്രമായി യോഗ് ജാപ്പി സിനിമയിൽ എത്തുന്നു എന്നതായിരുന്നു ട്രെയ്‌ലർ കാത്തുവെച്ച സസ്പെൻസ്. മികച്ച ക്യാരക്ടർ റോളുകളിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് യോഗ് ജാപ്പി. സൗഹൃദത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്നതിനൊപ്പം, യോഗ് ജാപ്പിയുടെ മാസ്സ് ഡയലോഗുകൾ കൊണ്ടും ആക്ഷൻ സീനുകൾ കൊണ്ടും സമ്പന്നമാണ്, രണ്ട് മിനിറ്റ് പതിനെട്ട് സെക്കന്റ് ദൈർഘ്യമുള്ള നെയ്മറിന്‍റെ ട്രെയ്‌ലർ.

ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതവും ഷാൻ റഹ്‌മാന്റെ സംഗീതവും സിനിമയ്ക്ക് മുതൽകൂട്ടാകുമെന്നതിൽ സംശയമില്ല. ‘നെയ്മറി’ലെ രണ്ടു പാട്ടുകളാണ് പുറത്തിറങ്ങിട്ടുള്ളത്. അതിൽ ‘ഇളമൈ കാതൽ’ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബ് വൺ മില്യൺ വ്യൂസ് നേടി ട്രെൻഡിങ് ലിസിറ്റിൽ ഇടം നേടിയിട്ടുണ്ട്.

മാത്യുവും നസ്‌ലനും സിനിമയിലെ നായകകഥാപാത്രങ്ങളാവമ്പോൾ നായികമാരായി പുതുമുഖം ഗൗരി കൃഷ്ണയും കീർത്തനയും എത്തുന്നു.

‘ഓപ്പറേഷൻ ജാവ’ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമിക്കുന്ന ‘നെയ്മർ’ മെയ് 12 ന് തിയേറ്ററുകളിലെത്തും.


ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു- നസ്ലൻ കോമ്പോ ഒന്നിക്കുന്ന ചിത്രത്തിൽ ഇവരെ കൂടാതെ വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, മണിയൻപിള്ള രാജു, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു.


തിരക്കഥ- പോൾസൺ സ്കറിയ, ആദർശ് സുകുമാരൻ; എഡിറ്റിംഗ്- നൗഫൽ അബ്ദുല്ല, പശ്ചാത്തല സംഗീതം- ഗോപിസുന്ദർ, സംഗീതം- ഷാൻ റഹ്മാൻ, ക്യാമറ- ആൽബി, ശബ്ദമിശ്രണം- വിഷ്ണു ഗോവിന്ദ്.