29 March 2024 Friday

സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ നിശ്ചയിക്കാൻ സമിതി നിശ്ചയിച്ച് കേന്ദ്ര സർക്കാർ

ckmnews


സ്വവർഗാനുരാഗികളുടെ അവകാശങ്ങൾ നിശ്ചയിക്കാൻ സമിതി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. ക്യാബിനെറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി

സ്വവർഗാനുരാഗികളുടെ പ്രശ്‌നം ഭരണഘടനാ ബെഞ്ച് പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തിൽ ഇടപെടാനുള്ള അവകാശം കോടതിക്ക് ഇല്ലെന്നും പാർലമെന്റ് നിയമനിർമാണത്തിലൂടെ നടപ്പാക്കേണ്ട വിഷയമാണെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്. സ്വവവർഗാനുരാഗികളുടെ അവകാശങ്ങൾ എന്തൊക്കെയാണ്, അല്ല, എന്നൊക്കെയുള്ളത് സമിതി നിശ്ചയിക്കും. സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ ഭാഗമായി സ്വവർഗാനുരാഗികൾക്ക് കൂടി വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകണമെന്ന അപേക്ഷ പരിഗണിക്കരുതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

നേരത്തെ, സ്വവർഗ വിവാഹത്തെ എതിർത്ത് സുപ്രിം കോടതിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. സ്വവർഗ വിവാഹം ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് സ്വവർഗവിവാഹം അംഗീകരിക്കണമെന്ന ഹർജിയെ എതിർത്ത് കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്. ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതും പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഇന്ത്യൻ കുടുംബമെന്ന ആശയവുമായി ഒത്തുപോകില്ല. ഭാര്യ, ഭർത്താവ് അവരിൽ നിന്ന് ജനിക്കുന്ന മക്കൾ എന്ന സങ്കൽപ്പവുമായി സ്വവർഗ വിവാഹം താരതമ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ വ്യക്തമാക്കിയിരുന്നു.