25 April 2024 Thursday

ദി കേരള സ്റ്റോറി: വർഗീയ ധ്രുവീകരണം ലക്ഷ്യം; ശക്തമായ പ്രതിഷേധം നടത്തുമെന്ന് സീതാറാം യെച്ചൂരി

ckmnews



ദി കേരള സ്റ്റോറി സിനിമക്ക് എതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള മുഖ്യമന്ത്രി പറഞ്ഞതുപോലെ വർഗീയ ധ്രുവീകരണമാണ് സിനിമയുടെ ലക്ഷ്യം എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സിനിമയല്ല, കേരളത്തിന്റെ യഥാർത്ഥ സ്റ്റോറി. ഇന്ത്യയിലെ തന്നെ ഏറ്റവും മികവുറ്റ സാങ്കേതിക സംവിധാനങ്ങളും ഇൻഫ്രാസ്ട്രക്ചറും ഉള്ളതാണ് യഥാർത്ഥ കേരളത്തിൻറെ കഥ എന്ന് അദ്ദേഹം വ്യക്തമാക്കി.


32000 നിന്നും 3 എന്ന സംഖ്യയിലേക്ക് തിരുത്ത് വന്നപ്പോൾ തന്നെ മനസ്സിലാക്കണം ഇതിന് പിന്നിൽ കളിച്ചവരുടെ ബുദ്ധി എന്ന് സീതാറാം യെച്ചുരി വ്യക്തമാക്കി. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന സിനിമകൾ മുൻപും ഇറങ്ങിയിട്ടുണ്ട്. കാശ്മീർ ഫയൽസ് അതിന് ഉദാഹരണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഇതിനിടെ, ‘ദി കേരള സ്റ്റോറി’ സിനിമ വിവാദം ട്രെയ്‌ലർ വിവരണത്തിൽ തിരുത്തുമായി നിർമാതാക്കാൾ രംഗത്തെത്തി. 32,000 പെൺകുട്ടികളെ മതംമാറ്റി ഐഎസിൽ ചേർത്തു എന്നതിന് പകരം മൂന്ന് പെൺകുട്ടികൾ എന്നാക്കി മാറ്റി. ട്രെയ്‌ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. ഇന്നലെയാണ് ഈ സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്.