24 April 2024 Wednesday

അരികൊമ്പനെ തേടി കാട്ടാനക്കൂട്ടം;സിമന്റ്പാലത്ത് 12 ആനകളെത്തി

ckmnews

അരികൊമ്പനെ തേടി കാട്ടാനക്കൂട്ടം;സിമന്റ്പാലത്ത് 12 ആനകളെത്തി


സിമന്റ്പാലത്ത് തമ്പടിച്ച് കാട്ടാനക്കൂട്ടം. പന്ത്രണ്ട് ആനകളുള്ള സംഘമാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.അരിക്കൊമ്പനെ മയക്കുവെടിവെച്ച സ്ഥലത്താണ് ആനകൾ ഉള്ളത്. ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് വാച്ചർമാർ നിരീക്ഷിക്കുന്നു.


അതേസമയം അരികൊമ്പനെ തുറന്നു വിട്ടതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പുലർച്ചെയാണ് ആനയെ ഉൾപ്രദേശത്ത് തുറന്നു വിട്ടത്. പരിശോധനയിൽ ആന ആരോഗ്യവാനാണ്. ശരീരത്തിലെ മുറിവുകൾ പ്രശ്നമുള്ളതല്ല. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു തുടങ്ങി അധികൃതർ വ്യക്തമാക്കി. അതേസമയം അരിക്കൊമ്പൻ കാട്ടാനയുമായി പോയ ദൗത്യസംഘം ഉൾകാട്ടിൽ തുടരുകയാണ് .രാത്രി രണ്ടുമണിയോടെ മേദകാനത്താണ് ആനയെ ഇറക്കിയത്. ആനയുടെ ആദ്യ ചലനങ്ങൾ സംഘം നിരീക്ഷിക്കും.


ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്ക് കൂട്ടൽ. പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാ​ഗമായാണ് പൂജയെന്നാണ് ആദിവാസി വിഭാഗം വിശദീകരിച്ചത്.


11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.